ഫുട്‌ബോള്‍ മൈതാനത്ത് നാണക്കേടായി താരങ്ങളുടെ ഗുസ്തി; രണ്ടുപേരെയും പിടിച്ച് പുറത്തിട്ട് റഫറി

മാഡ്രിഡ്: ഫുട്‌ബോള്‍ മൈതാനത്ത് താരങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങളും കൈയാങ്കളിയുമുണ്ടാകാറുണ്ടെങ്കിലും ഗുസ്തിയില്‍ ഏര്‍പ്പെടുന്നത് അപൂര്‍വ്വമാണ്. ഇന്നലെ നടന്ന ബാഴ്‌സലോണ-അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിനിന്റെ അവസാന മിനിറ്റിലാണ് താരങ്ങള്‍തമ്മിലുള്ള മല്ലയുദ്ധം നടന്നത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഫെറാന്‍ ടോറസും അത്‌ലറ്റികോയുടെ മൊണ്ടെഗ്രിന്‍ പ്രതിരോധതാരം സ്റ്റിഫാന്‍ സാവിച്ചുംതമ്മിലാണ് കൊമ്പുകോര്‍ത്തത്.

സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കുന്നതാണെങ്കിലും മത്സരത്തില്‍ നാണക്കേടുണ്ടാക്കുന്നതായി ഈ സംഭവം. കൈയാങ്കളിയ്ക്ക് ഇരുതാരങ്ങള്‍ക്കും റഫറി ചുവപ്പ് കാര്‍ഡ് നല്‍കുകയുണ്ടായി. ഇരുവരും തമ്മിലുള്ള ഗുസ്തി വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഫുട്‌ബോളിന്റെ സൗന്ദര്യം ഇല്ലാതാക്കുന്നതാണ് ഇത്തരം നടപടിയെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.


സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയില്ലാതെയിറങ്ങിയ ബാഴ്‌സ ആവേശപോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ് അത്‌ലറ്റികോയെ കീഴടക്കിയത്. മത്സരത്തിന്റെ 22ാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബലയിലൂടെയാണ് കാറ്റലേനിയന്‍ ടീം വിജയംപിടിച്ചത്.

ലാലീഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് കഴിഞ്ഞദിവസം വില്ലാറിയലിനോട് തോറ്റിരുന്നു. അത്‌ലറ്റിക്കോക്കെതിരായ വിജയത്തോടെ ബാഴ്‌സലോണ പോയന്റ് ടേബിളില്‍ ഒന്നാമതെത്തി. 16 കളിയില്‍ 13വിജയവും രണ്ട് സമനിലയും ഒരുതോല്‍വിയും സഹിതം 41 പോയന്റാണ് സമ്പാദ്യം. രണ്ടാമതുള്ള റയല്‍മാഡ്രിഡ് 16 മാച്ചില്‍ 12 വിജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമടക്കം 38 പോയന്റുമായി രണ്ടാമതാണ്. റയല്‍ സോസിഡാഡ് മൂന്നാമതും റയല്‍ ബെറ്റീസ് നാലാമതുമാണ്.

You Might Also Like