ചുവപ്പിനേയും മഞ്ഞയേയും സ്‌നേഹിച്ച റഫറി; ഇത്തവണ പണികിട്ടിയത് ബാഴ്‌സക്ക്

ലോകകപ്പില്‍ നെതര്‍ലന്‍ഡ്- അര്‍ജന്റീന മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്റോണിയോ മത്തേയുലാഹോസിനെ ഫുട്‌ബോള്‍ പ്രേമികള്‍ മറിക്കാനിടയില്ല. ക്വാര്‍ട്ടര്‍ ഫൈനലിലുടനീളം 18 കാര്‍ഡുകളാണ് പുറത്തെടുത്തത്. ഒരുചുവപ്പ് കാര്‍ഡും നല്‍കി.

മത്സരശേഷം റഫറിക്കെതിരെ അര്‍ജന്റീന്‍ ക്യാപ്റ്റന്‍ ലയണല്‍മെസി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ലോകകപ്പില്‍തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിനിയന്ത്രിക്കാന്‍ അവസരം നല്‍കാതെ ഫിഫ മത്തേയുലാഹോസിനെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇപ്പോഴിതാ ഇതേ റഫറി വീണ്ടും കാര്‍ഡുകള്‍ നല്‍കി വിവാദനായകനാകുന്നു.


സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ-എസ്പാനിയോള്‍ മത്സരത്തിലാണ് ഒരിടവേളക്ക് ശേഷം നിരന്തരം കാര്‍ഡുകള്‍ വീശിയത്. രണ്ട് ചുവപ്പ് കാര്‍ഡുകളടക്കം 14 കാര്‍ഡുകളാണ് സ്പാനിഷ് റഫറി പുറത്തെടുത്തത്. മത്സരത്തില്‍ ബാഴ്‌സലോണയെ എസ്പാനിയോള്‍ സമനിലയില്‍ തളക്കുകയും ചെയ്തു.

2022ലെ അവസാന മത്സരത്തില്‍ ഏഴാം മിനിറ്റില്‍ തന്നെ എഫ് സി ബാഴ്‌സലോണ മുന്നിലെത്തിയിരുന്നു. മാര്‍ക്കസ് അലോന്‍സോയായിലൂടെയാണ് കാറ്റലേനിയന്‍ക്ലബ് ലീഡെടുത്തത്. ലീഡുയര്‍ത്താനുള്ള അവസരങ്ങള്‍ തുടര്‍ച്ചയായി ബാഴ്‌സലോണ പാഴാക്കി. രണ്ടാംപകുതിയില്‍ കളി പരുക്കനായതോടെ തുടരെ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. എഴുപത്തിമൂന്നാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഹൊസേലു എസ്പാനിയോളിനായി സമനില നേടി. ബോക്‌സില്‍ ഹൊസേലുവിനെ അലണ്‍സോ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഹൊസേലും അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു.


78ാം മിനിറ്റിലാണ് ബാഴ്‌സയുടെ ജോര്‍ഡി ആല്‍ബ ചുവപ്പു കാര്‍ഡ് കണ്ട് പുറത്ത് പോയത്. മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് ആല്‍ബ പുറത്തേക്ക് പോയത്. 80ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട എസ്പാനിയോളിന്റെ വിനീഷ്യസ് സോസയും ചുവപ്പു കാര്‍ഡുമായി പുറത്തായി. 83ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയെ ഫൗള്‍ചെയ്തതിന് എസ്പാനിയോളിന്റെ ലിയാനാര്‍ഡോ കാര്‍ബെറക്ക് ലാഹോസ് നേരിട്ട് ചുവപ്പു കാര്‍ഡ് നല്‍കിയെങ്കിലും വാര്‍ പരിശോധനയില്‍ തീരുമാനം പുന:പരിശോധിക്കേണ്ടിവന്നു. അവസാന 10 മിനിറ്റില്‍ പത്തുപേരുമായാണ് ഇരുടീമുകളും കളി പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ബാഴ്‌സയുടെയും എസ്പാനിയോളിന്റേയും ആറ് താരങ്ങള്‍ വീതം മഞ്ഞക്കാര്‍ഡ് കാര്‍ഡ് കണ്ടു. ലാ ലിഗയില്‍ 15 കളി പൂര്‍ത്തിയായപ്പോള്‍ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും 38 പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയില്‍ ബാഴ്‌സ ഒന്നും റയല്‍ രണ്ടുംസ്ഥാനത്താണ്.

You Might Also Like