ജർമനിയെ ആറിൽ മുക്കി നാണംകെടുത്തി സ്പെയിൻ, സ്പെയിൻ നേഷൻസ് ലീഗ് സെമിയിൽ

ജർമനിയുമായി സ്വന്തം തട്ടകത്തിൽ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്ത് സ്പെയിൻ സെമിഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. സമനില നേടിയാൽ സെമിയിലേക്ക് യോഗ്യത നേടാമായിരുന്ന ജർമനിക്ക് സ്പെയിനിന്റെ അക്രമണങ്ങളെ ചെറുക്കാൻ കഴിയാതെ പോവുകയായിരുന്നു. ജർമനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിയാണ് സ്പെയിനിനെതിരെ എറ്റു വാങ്ങേണ്ടി വന്നിരിക്കുന്നത്.

യുവതാരം ഫെറാൻ ടോറസിന്റെ ഹാട്രിക് പ്രകടനത്തിനൊപ്പം മോറാട്ട,റോഡ്രി,ഒയാർസബാൽ എന്നിവരുടെ ഗോളുകളാണ് സ്പെയിനിനു ശക്തരായ ജർമനിക്കു മേൽ മികച്ച വിജയം നേടിക്കൊടുത്തത്. ജർമ്മനി ഗോൾകീപ്പറായ മാനുവൽ നൂയർ തന്റെ കരിയറിൽ തന്നെ ഇത്രയും ഗോളുകൾ വഴങ്ങി തോൽക്കുന്നത് ഇതാദ്യമായാണ്. മത്സരത്തിൽ സൂപ്പർതാരം സെർജിയോ റാമോസിന് പരിക്കേറ്റു പുറത്തു പോയെങ്കിലും ആക്രമിച്ചു കളിച്ച സ്പെയിൻ വ്യക്തമായ ആധിപത്യം മത്സരത്തിൽ പുലർത്തിയിരുന്നു.

ആക്രമിച്ചു കളിച്ച സ്പെയിൻ പതിനേഴാം മിനുട്ടിൽ തന്നെ അൽവാരോ മൊറാട്ടയുടെ ഹെഡർ ഗോളിൽ സ്പെയിനിനെ മുന്നിലെത്തിച്ചു. മധ്യനിരയിൽ ഫാബിയൻ റൂയിസിന്റെയും റോഡ്രിയുടെയും പ്രകടനം ജർമനിയുടെ മുന്നേറ്റത്തിന്റെ മുനയൊടിച്ചതോടെ ഫെറാൻ ടോറസിന്റെ ഗോളിലൂടെ സ്പെയിൻ രണ്ടാം ഗോളും നേടി. ഡാനി ഓൾമോയുടെ ഹെഡർ പോസ്റ്റിൽ തട്ടി തിരിച്ചു വന്നത് തകർപ്പൻ ഇടങ്കാലൻ ഷോട്ടിലൂടെ ഫെറാൻ വലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതി തീരും മുൻപ് തന്നെ കോർണർ കിക്കിൽ നിന്നും റോഡ്രിയുടെ ഹെഡറിലൂടെ മൂന്നാം ഗോളും സ്പെയിൻ നേടി.

ആദ്യപകുതിക്കു ശേഷം തിരിച്ചു വരുമെന്നു പ്രതീക്ഷിച്ച ജർമനിക്കു സ്പെയിനിന്റെ നിരന്തര ആക്രമണത്തെ ചെറുക്കാനേ സമയമുണ്ടായിരുന്നുള്ളു. 55-ാം മിനുട്ടിൽ ഫെറാൻ ടോറസിലൂടെ സ്പെയിൻ നാലാം ഗോളും കണ്ടെത്തി. പ്രത്യാക്രമണത്തിൽ ഇഡ്രിസെ ഗായയുടെ ക്രോസ്സ്ബോൾ ടോറസ് വലയിലെത്തിക്കുകയായിരുന്നു. വൺ ടച്ച്‌ ഫുട്ബോളിലൂടെ ജർമനിയെ വട്ടം കറക്കിയ സ്പെയിൻ ഫെറാൻ ടോറസിന്റെ ഹാട്രിക് ഗോളിലൂടെ സ്പെയിൻ അഞ്ചാം ഗോളും നേടി. 88-ാം മിനുട്ടിൽ ജർമൻ പ്രതിരോധഭടന്മാരെ കാഴ്ചക്കാരാക്കി പെനാൽറ്റി ബോക്സിൽ നൽകിയ ഗായയുടെ ബാക്ക് പാസ്സ് ടോറസിന് പകരക്കാരനായി വന്ന ഒയാർസബൽ പോസ്റ്റിലേക്ക് തിരിച്ചു വിട്ടതോടെ ഗോളിൽ ആറാടി ജർമനി തോൽവിയടയുകയായിരുന്നു.

You Might Also Like