റഫറിയിങ്ങ് വിവാദത്തിൽ റയലിനെ വിമർശിക്കുന്നവരുടെ വായടപ്പിക്കുന്ന മറുപടി നൽകി സിമിയോണി

കഴിഞ്ഞ കുറച്ചു ദിവസമായി റയലിനെതിരെ ഫുട്ബോൾ ലോകത്ത് വിമർശനങ്ങൾ ശക്തമായി കൊണ്ടിരിക്കുകയാണ്. ലാലിഗ കിരീടപ്പോരാട്ടത്തിൽ റഫറിയെ കൂട്ടു പിടിച്ചും വീഡിയോ റഫറിയിങ്ങിന്റെ സഹായത്തോടെയും ജയിച്ചു കയറുന്നുവെന്നാണ് റയലിനെതിരെയുള്ള ആരോപണം. എന്നാൽ ഇതിനു ചുട്ട മറുപടി നൽകി അറ്റ്ലറ്റികോ പരിശീലകൻ സിമിയോണി കഴിഞ്ഞ ദിവസം രംഗത്തെത്തി.

“നിങ്ങൾ എതിരാളികളുടെ ബോക്സിലേക്ക് ഇരച്ചു കയറുന്ന ടീമാണെങ്കിൽ സ്വാഭാവികമായും കൂടുതൽ പെനാൽട്ടികൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. റയലിനെ പോലെ എപ്പോഴും ആക്രമിച്ചു കളിക്കുന്ന ടീമുകൾക്ക് പെനാൽട്ടി ലഭിക്കുന്നത് ന്യായമായ കാര്യം തന്നെയാണ്.” സിമിയോണി പറഞ്ഞു.

“വീഡിയോ റഫറിയിങ്ങ് നമ്മുടെ തെറ്റുകൾ കണ്ടെത്തുന്നുണ്ട്‌. റഫറി മനുഷ്യരായതു കൊണ്ടു തന്നെ സ്വാഭാവികമായി തെറ്റുകൾ ഉണ്ടാകും. മുൻപ് അത്തരം തെറ്റുകൾ മനസിലായിരുന്നില്ല. ഇപ്പോൾ അതു മനസിലാക്കി വേണ്ട തീരുമാനമെടുക്കാൻ വീഡിയോ റഫറിയിംഗ് കൊണ്ട് കഴിയുന്നുണ്ട്.” അദ്ദേഹം വ്യക്തമാക്കി.

അറ്റ്ലറ്റിക് ബിൽബാവോക്കെതിരായ മത്സരത്തിൽ റയലിനു പെനാൽറ്റി നൽകിയതോടെയാണ് വിവാദം ശക്തമായത്. തങ്ങൾക്കു ലഭിക്കേണ്ട പെനാൽട്ടി വീഡിയോ റഫറി പരിശോധിച്ചില്ലെന്ന് ബിൽബാവോ നായകൻ മുനിയൻ വിമർശിച്ചിരുന്നു. ബാഴ്സ പ്രതിരോധ താരം പിക്വയും ബാഴ്സ പ്രസിഡൻറും ഇതേത്തുടർന്ന് വിമർശനം നടത്തിയിരുന്നു.

You Might Also Like