ആറു ഗോളടിച്ച് സിമിയോണിയുടെ റെക്കോർഡ് നേട്ടം ആഘോഷിച്ച് അത്ലറ്റികോ മാഡ്രിഡ്

സെവിയ്യക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ മത്സരത്തിൽ വമ്പൻ വിജയമാണ് അത്ലറ്റികോ മാഡ്രിഡ് നേടിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ വിജയം. മെംഫിസ് ഡീപേയ്, അൽവാരോ മൊറാട്ട എന്നിവർ രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ മറ്റു രണ്ടു ഗോളുകൾ യാനിക് കരാസ്‌കോ, അന്റോയിൻ ഗ്രീസ്‌മൻ എന്നിവരാണ് സ്വന്തമാക്കിയത്.

അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണി റെക്കോർഡ് നേട്ടം സ്വന്തമാക്കിയ മത്സരമായിരുന്നു ഇന്നലെ നടന്നത്. അത്ലറ്റികോ മാഡ്രിഡിനെ ഏറ്റവുമധികം മത്സരങ്ങളിൽ പരിശീലിപ്പിച്ചയാളെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്നലത്തെ മത്സരത്തോടെ 613 കളികളിൽ അത്ലറ്റികോ മാഡ്രിഡിനെ ഇറക്കിയ അദ്ദേഹം ലൂയിസ് അരഗോണിസിന്റെ റെക്കോർഡ് മറികടന്നു.

2011 മുതൽ അത്ലറ്റികോ മാഡ്രിഡ് പരിശീലകനായി സിമിയോണിയുണ്ട്. ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കി നൽകിയ പരിശീലകനാണ് അദ്ദേഹം. രണ്ടു ലാ ലിഗ ടീമിന് നേടിക്കൊടുത്ത സിമിയോണി അതിനു പുറമെ രണ്ടു യൂറോപ്പ ലീഗടക്കം ആറു കിരീടങ്ങൾ കൂടി സ്വന്തമാക്കിയിട്ടുണ്ട്. രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലും അദ്ദേഹത്തിന് കീഴിൽ അത്ലറ്റികോ മാഡ്രിഡ് കളിച്ചു.

റയൽ മാഡ്രിഡും ബാഴ്‌സലോണയും ലീഗിലും യൂറോപ്പിലും ആധിപത്യം സ്ഥാപിച്ച സമയത്താണ് സിമിയോണി ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. ക്ലബിന്റെ പരിശീലകനായി അദ്ദേഹം തുടരാൻ കാരണവും ഈ നേട്ടങ്ങൾ തന്നെയാണ്. എന്നാൽ ഈ സീസണ് ശേഷം സിമിയോണി അത്ലറ്റികോ മാഡ്രിഡ് വിടുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ ശക്തമാണ്. ലൂയിസ് എൻറിക്വ പകരക്കാരനായി വരാനും സാധ്യതയുണ്ട്.

ഇന്നലത്തെ വിജയത്തോടെ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് വരാൻ അത്ലറ്റികോ മാഡ്രിഡിന് കഴിഞ്ഞു. എന്നാൽ ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സയുമായി പതിനാല് പോയിന്റ് വ്യത്യാസത്തിൽ നിൽക്കുന്ന അവർക്ക് ലീഗ് നേടാമെന്ന പ്രതീക്ഷ കുറവാണ്.

You Might Also Like