റയലിനെ റഫറി സഹായിക്കുന്നു, അർജന്റീന താരത്തിന്റെ റെഡ് കാർഡിനെതിരെ രൂക്ഷമായ വിമർശനവുമായി സിമിയോണി

ലാ ലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും സമനിലയിൽ പിരിയുകയാണുണ്ടായത്. അത്ലറ്റികോ മാഡ്രിഡ് എഴുപത്തിയെട്ടാം മിനുട്ടിൽ മുന്നിലെത്തിയെങ്കിലും ഏഴു മിനിറ്റിനകം റയൽ മാഡ്രിഡ് ഒപ്പമെത്തി. യുറുഗ്വായ് താരങ്ങളായ ജോസെ ഗിമിനെസും അൽവാരോ റോഡ്രിഗസുമാണ് രണ്ടു ടീമുകൾക്കുമായി ഗോളുകൾ നേടിയത്.

മത്സരത്തിന് ശേഷം റഫറിക്കെതിരെ രൂക്ഷമായ വിമർശനമാണ് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി നടത്തിയത്. അറുപത്തിനാലാം മിനുട്ടിൽ അർജന്റീന താരം ഏഞ്ചൽ കൊറേയയെ റഫറിയായ ഗിൽ മൻസാനോ നേരിട്ട് ചുവപ്പുകാർഡ് നൽകി പുറത്താക്കിയിരുന്നു. ഈ തീരുമാനം ഒട്ടും ന്യായമായിരുന്നില്ലെന്നാണ് ഡീഗോ സിമിയോണി പറയുന്നത്.

ഗോൾകിക്ക് കാത്തു നിൽക്കുന്നതിനിടെ ഏഞ്ചൽ കൊറേയയെ പ്രതിരോധിക്കാൻ വന്ന റൂഡിഗറെ താരം മുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. എന്നാൽ ആ ഫൗൾ നേരിട്ട് ചുവപ്പുകാർഡ് നൽകാൻ മാത്രം ഉണ്ടായിരുന്നില്ലെന്നാണ് ഡീഗോ സിമിയോണി പറയുന്നത്. മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട നിരവധി ആരാധകരും അതൊരു ഡയറക്റ്റ് റെഡ് കാർഡ് നൽകാനുള്ള ഫൗൾ ഇല്ലെന്നാണ് അഭിപ്രായപ്പെട്ടത്.

ഇതുപോലെയുള്ള ഫൗളുകൾക്ക് ചുവപ്പുകാർഡ് നൽകിയാൽ മത്സരം കളിക്കാൻ ഒരാളും ബാക്കിയുണ്ടാകില്ലെന്നാണ് ഡീഗോ സിമിയോണി കളിക്കു ശേഷം പറഞ്ഞത്. നേരിട്ട് ചുവപ്പുകാർഡ് നൽകാൻ മാത്രമുള്ളതൊന്നും ആ ഫൗളിൽ ഉണ്ടായിരുന്നില്ലെന്നും മഞ്ഞക്കാർഡ് നൽകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഫറിമാർ റയൽ മാഡ്രിഡിനെ സംരക്ഷിക്കുന്നത് സാധാരണ കാര്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അത്ലറ്റികോ മാഡ്രിഡ് താരങ്ങൾക്ക് കഴിഞ്ഞ അഞ്ചു മാഡ്രിഡ് ഡെർബിയിലും ചുവപ്പുകാർഡ് ലഭിച്ചുവെന്നും ഇങ്ങിനെ പോയാൽ അടുത്ത ഡെർബി ആരംഭിക്കുമ്പോൾ തന്നെ ഒരു താരം ഇല്ലാതെ ഇറങ്ങേണ്ടി വരുമെന്നുമാണ് അത്ലറ്റികോ കീപ്പർ ഒബ്ലാക്ക് പറഞ്ഞത്. എന്തായാലും പത്തു പേരുമായി കളിച്ച് സമനില നേടിയെടുക്കാൻ അത്ലറ്റികോക്ക് കഴിഞ്ഞു. ഇതോടെ ഇന്നത്തെ മത്സരം വിജയിച്ചാൽ ലീഡ് പത്ത് പോയിന്റാക്കി വർധിപ്പിക്കാൻ ബാഴ്‌സലോണയ്ക്ക് അവസരമുണ്ട്.

You Might Also Like