പരിശീലനസ്ഥലത്ത് അടുത്തിടപഴകിയ വ്യക്തിക്ക് കോവിഡ്, വെട്ടിലായി സിനദിൻ സിദാൻ

കോവിഡ് സ്ഥിരീകരിച്ച ആളുമായി അടുത്ത് ഇടപഴകിയതു മൂലം റയൽ മാഡ്രിഡ്‌ പരിശീലകനായ സിനദിൻ സിദാനു റയൽ മാഡ്രിഡിന്റെ രണ്ടു മത്സരങ്ങൾ നഷ്ടമായേക്കും. ഈ ആഴ്ച റയൽ മാഡ്രിഡിനു മികച്ച രണ്ടു മത്സരങ്ങളാണ് നടക്കാനിരിക്കുന്നതെന്നതുകൊണ്ടു തന്നെ സിദാന്റെ സാമീപ്യം ഇല്ലാത്തത് റയലിനു വലിയ തിരിച്ചടിയായിരിക്കുകയാണ്. വരുന്ന ശനിയാഴ്ച ലാലിഗയിൽ ഒസാസുനയായിട്ടും പിന്നീട് അത്ലറ്റിക് ബിൽബാവോയുമായുള്ള സ്പാനിഷ് സൂപ്പർകപ്പ് സെമി ഫൈനലുമാണ് റയലിനു മുന്നിലുള്ളത്.

എന്നാൽ ഈ രണ്ടു മത്സരങ്ങളിലും സിദാൻ ലഭ്യമല്ലാതെ വന്നാൽ മത്സരങ്ങളിലെ നിർണായക മാറ്റങ്ങൾക്ക് റയൽ മാഡ്രിഡിനു സിനദിൻ സിദാന്റെ തന്ത്രങ്ങൾ ലഭിക്കാതെ വന്നേക്കും. സിദാന്റെ സാമീപ്യം തന്നെ വലിയ ഊർജം നൽകുന്ന ടീമിനു സിദാന്റെ അസാന്നിധ്യം വലിയരീതിയിൽ പ്രകടനത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

സ്പാനിഷ് മാധ്യമമായ ലാസെക്സ്റ്റയുടെ റിപ്പോർട്ടുകൾ പ്രകാരം വാൽഡെബെബാസിലെ ട്രെയിനിങ് സെന്ററിൽ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സിദാൻ അടുത്തിടപഴകിയതെന്നാണ് അറിയാനാകുന്നത്. സിദാനു നടത്തിയ ആന്റിജൻ ടെസ്റ്റ്‌ നെഗറ്റിവ് ആയെങ്കിലും ഇനി പിസിആർ ടെസ്റ്റിന്റെ റിസൾട്ട്‌ കൂടി അറിയാനുണ്ട്. എന്തായാലും മത്സരത്തിനു മുൻപ് 48 മണിക്കൂർ നിർബന്ധിത കോവിഡ് പ്രോട്ടോകോൾ പ്രകാരം സിദാനു ഐസൊലേഷനിൽ ഇരിക്കേണ്ടതുണ്ട്.

പിസിആർ ടെസ്റ്റ്‌ നെഗറ്റീവ് ആയാലും ലാലിഗയുടെ കോവിഡ് നിയമപ്രകാരം ഒരു വട്ടം കൂടി ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ സിദാനു റയൽ മാഡ്രിഡിനൊപ്പം ചേരാനാവുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാമത് നടക്കുന്ന പിസിആർ ടെസ്റ്റ്‌ ആദ്യ ടെസ്റ്റ്‌ നെഗറ്റീവ് ആയതിനു ശേഷം മൂന്നു ദിവസത്തിന് ശേഷമേ എടുക്കാൻ സാധിക്കുകയുള്ളുവെന്നതാണ് രണ്ടു മത്സരങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യത ഉയർത്തുന്നത്. എന്തായാലും പിസിആർ ടെസ്റ്റിന്റെ ഫലത്തിനെ അനുസരിച്ചായിരിക്കും സിദാന്റെ തിരിച്ചുവരാവിന്റെ ഭാവി നിർണയിക്കുന്നത്.

You Might Also Like