ഷറ്റോരി പോയി, ക്ലബ് വിടാനുറച്ച ഓഗ്ബെചെയെ ബ്ലാസ്‌റ്റേഴ്‌സ് പിടിച്ച് നിര്‍ത്തിയതിങ്ങനെ

കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങിയ ബ്ലാസ്റ്റേഴ്സ് നായകന്‍ ബെര്‍ത്തലോമിവ് ഓഗ്ബെചെയെ ക്ലബ് പിടിച്ച് നിര്‍ത്തിയത് ചില വിട്ടുവീഴ്ച്ചകള്‍ ചെയ്ത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓഗ്ബെചെയുടേത് അടക്കം വിദേശ താരങ്ങളുടെ വേതനം കുറയ്ക്കാന്‍ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു. മാത്രമല്ല തന്നെ ടീമിലേക്ക് കൊണ്ട് വന്ന പരിശീലകന്‍ എല്‍കോ ഷറ്റോരിയെ ബ്ലാസ്‌റ്റേ്‌സ് പുറത്താക്കുന്നതും നൈജീരിയന്‍ സൂപ്പര്‍ താരത്തിന് കാണെണ്ടി വന്നു.

ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിച്ച് മറ്റ് സാധ്യതകള്‍ തേടാന്‍ ഓഗ്ബെചെ തീരുമാനിച്ചത്. ഇതിനായി ഓഗ്ബെചെയുടെ ഏജന്റ് മറ്റ് ഐഎസ്എല്‍ ക്ലബുകളുമായി പ്രാഥമിക ചര്‍ച്ചകളും ആരംഭിച്ചിരുന്നു.

എന്നാല്‍ ജിങ്കനെ നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് അത്രയെളുപ്പത്തില്‍ ഓഗ്ബെചെയെ പോകുന്നതും അംഗീകരിക്കാനാകുമായിരുന്നില്ല. ഇതിനാല്‍ ഓഗ്ബെചെയുടെ വേതനം കുറയ്ക്കുന്നതില്‍ നിന്നും ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് പിന്‍വാങ്ങി. ഇതോടെയാണ് ഒരു വര്‍ഷത്തേയ്ക്ക് കൂടി കരാര്‍ പുതുക്കാന്‍ മുന്‍ പിഎസ്ജി താരം തയ്യാറായത്.

സന്ദേഷ് ജിങ്കന്‍ ബ്ലാസറ്റേഴ്‌സ് വിട്ടതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം ആശ്വാസം കൊണ്ടത് ടീമിലെ ഓഗ്‌ബെചെയുടെ സാന്നിധ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രമുഖ സ്പോട്സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോയാണ് ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിടാനുളള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്ത് വിട്ടത്. ഇതോടെയാണ് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.

ഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്ബെചെ മാറിയിരുന്നു.

You Might Also Like