നാല് തവണയാണ് എനിക്കതു ചെയ്യേണ്ടി വന്നത്, സീസണിലെ ഏറ്റവും വലിയ തിരിച്ചടി വ്യക്തമാക്കി ഇവാൻ വുകോമനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മികച്ച പ്രകടനത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത് എങ്കിലും അത് നിലനിർത്താൻ അവർക്ക് കഴിഞ്ഞില്ല. സീസണിന്റെ രണ്ടാം പകുതിയിൽ എത്തിയപ്പോൾ പരിക്കുകളുടെ തിരിച്ചടി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലേക്ക് വീഴുകയും ഒടുവിൽ ഒഡിഷയോട് പ്ലേ ഓഫിൽ തോറ്റു പുറത്തായി സീസൺ അവസാനിപ്പിക്കുകയും ചെയ്‌തു.

ഒഡിഷാക്കെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പരിക്കുകൾ തന്നെയാണ് ടീമിന് തിരിച്ചടി നൽകിയതെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും വ്യക്തമാക്കിയത്. സീസണിൽ ഒന്നോ രണ്ടോ തവണ ടീമിനെ അഴിച്ചുപണിയേണ്ടി വന്നാൽ തന്നെ വളരെ ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ അദ്ദേഹം നാല് തവണ തനിക്കത് ചെയ്യേണ്ടി വന്നുവെന്ന് വ്യക്തമാക്കി.

“സീസണിന്റെ തുടക്കത്തിൽ നമ്മുടെ ശൈലി, ആക്രമണം, പ്രതിരോധം എന്നിവയെല്ലാം എങ്ങിനെ വേണം എന്നതിന്റെ തയ്യാറെടുപ്പുകൾ നടത്തും. എന്നാൽ പരിക്കുകൾ വരുന്നതോടെ ആ പദ്ധതിയെല്ലാം ഇല്ലാതാകും. നമുക്ക് ശൂന്യതയിൽ നിന്നും തുടങ്ങണം. ഒരു സീസണിൽ രണ്ടു തവണ അങ്ങിനെ ചെയ്യേണ്ടി വന്നാൽ ബുദ്ധിമുട്ടാണെന്നിരിക്കെ നാല് തവണയാണ് എനിക്കത് ചെയ്യേണ്ടി വന്നത്.”

“വ്യക്തിപരമായി നോക്കിയാൽ എന്നെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സീസണായിരുന്നു ഇത്. പത്ത് വർഷമായി ഒരു പരിശീലകനായി നിൽക്കാൻ തുടങ്ങിയിട്ട്. ഈ സീസൺ മുഴുവൻ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളായിരുന്നു മുന്നിലുണ്ടായിരുന്നത്. നമുക്കത് കൃത്യമായി കൈകാര്യം ചെയ്തേ മതിയാകൂ.” ഇവാനാശാൻ പറഞ്ഞു.

ഈ തിരിച്ചടികളുടെ ഇടയിലും ഭേദപ്പെട്ട പ്രകടനം ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു. പ്ലേ ഓഫിൽ ഒഡിഷ എഫ്‌സിക്കെതിരെ പരിമിതമായ വിഭവങ്ങൾ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയതെങ്കിലും മികച്ച പ്രകടനമാണ് നടത്തിയത്. ദൗർഭാഗ്യം കൊണ്ട് മാത്രമാണ് വിജയം നേടാൻ കഴിയാതെ പോയത്. അതുകൊണ്ടു തന്നെ ഇവാനിൽ ഇനിയും പ്രതീക്ഷ വെക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

You Might Also Like