റയൽ യൂറോപ്പയിലേക്കോ? റയലിനെ നാണംകെടുത്തി വിട്ട് ഷാക്തർ ഡോണെസ്ക്

ചാമ്പ്യൻസ്‌ലീഗിൽ ഉക്രെനിയൻ ക്ലബ്ബായ ഷാക്തർ ഡോണെസ്കിനോട് രണ്ടാമത്തെ തവണയും അടിയറവു പറഞ്ഞിരിക്കുകയാണ്  റയൽ മാഡ്രിഡ്‌. സ്വന്തം തട്ടകത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കും ഇപ്പോൾ ഷാക്തറിന്റെ തട്ടകത്തിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്കുമാണ് റയലിനു അട്ടിമറി തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്.

ഇതോടെ റയൽ  മാഡ്രിഡിനു ഗ്രൂപ്പ്‌ ഘട്ടത്തിൽ തന്നെ  യൂറോപ്പ ലീഗിലേക്ക് തരംതാഴ്ത്തപ്പെടാനുള്ള സാധ്യതയും ഉയർന്നു വന്നിരിക്കുകയാണ്. അഞ്ചു ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങളിൽ നിന്നായി 7 പോയിന്റോടെ നിലവിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ റയലിന്റെ സ്ഥാനം. അഞ്ചു പോയിന്റുമായി ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാൻ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താനുള്ളത്.

ആദ്യപകുതിയിൽ റയൽ മാഡ്രിഡ്‌ ബെൻസമയുടെയും അസെൻസിയോയുടെയും നേതൃത്വത്തിൽ മികച്ച അക്രമണമാണ് നടത്തിയത്.  അസെൻസിയോയുടെ ഒരു ശ്രമത്തിൽ പന്ത്  പോസ്റ്റിൽ തട്ടിയകന്നുപോകുകയും ചെയ്തിരുന്നു. ഷാക്തർ മികച്ച രീതിയിൽ പ്രതിരോധിക്കുകയും പ്രത്യാക്രമണങ്ങൾ  നടത്തുകയും ചെയ്തെങ്കിലും ആദ്യപകുതി ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മികച്ച രീതിയിൽ ആക്രമണം അഴിച്ചു വിട്ട ഷാക്തർ ഒടുവിൽ ലക്ഷ്യം കാണുകയായിരുന്നു.

പ്രത്യാക്രമണത്തിൽ റയൽ പ്രതിരോധതാരം റാഫേൽ വരാന്റെ പിഴവിലൂടെ ഷാക്തർ താരം ഡെന്റിഞ്ഞോയാണ് കോർട്‌വയെ മറികടന്നു 57-ാം മിനുട്ടിൽ റയലിന്റെ വല ചലിപ്പിച്ചത്. പിന്നീട് ബെൻസമയെ പിൻവലിച്ച് കൂടുതൽ ആക്രമണതാരങ്ങളായ മരിയാനോ ഡയസ്, ഇസ്കോ, വിനിഷ്യസ് എന്നിവരെ പരീക്ഷിച്ചെങ്കിലും 82-ാം മിനുട്ടിൽ നടത്തിയ മികച്ചൊരു കൗണ്ടർ അറ്റാക്കിൽ മനോർ സോളമന്റെ തകർപ്പൻ ഷോട്ടിൽ ഷാക്തർ രണ്ടാം ഗോളും നേടുകയായിരുന്നു. പിന്നീട് റയലിന്റെ അക്രമണങ്ങളെ മികച്ച രീതിയിൽ പ്രതിരോധിച്ചെതോടെ ഷാക്തർ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കിനെതിരെ ഇന്ററും വിജയിച്ചതോടെ ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാനമത്സരങ്ങൾ എല്ലാ ടീമിനും നിർണായകമായിരിക്കുകയാണ്.

You Might Also Like