സാവിയുടെ ബാഴ്‌സലോണയിൽ കണ്ട പ്രധാന വ്യത്യാസമെന്തെന്നു വെളിപ്പെടുത്തി മുൻ പരിശീലകൻ ക്വിക്കെ സെറ്റിയൻ

വിയ്യാറയലിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് ബാഴ്‌സലോണ നടത്തിയത്. മുൻ സീസണുകളിലുണ്ടായ തിരിച്ചടികളിൽ നിന്നും സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ടീം അതിനൊപ്പം ലാ ലിഗ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിലും മുന്നിലാണ്. ഇന്നലെ നടന്ന മത്സരത്തോടെ റയൽ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിലെത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞു.

ഏർണെസ്റ്റോ വാൽവെർദെയെ പുറത്താക്കിയ സമയത്ത് ബാഴ്‌സലോണ പരിശീലകനായി ഏതാനും മാസങ്ങൾ ഉണ്ടായിരുന്ന ക്വിക്കെ സെറ്റിയനാണു വിയ്യാറയലിന്റെ നിലവിലെ മാനേജർ. മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹത്തെയും ബാഴ്‌സലോണ പിന്നീട് പുറത്താക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷം അദ്ദേഹം തന്റെ ടീമിന്റെ പ്രകടനം മോശമായതിനെ കുറിച്ചും ബാഴ്‌സലോണയിൽ കണ്ട പ്രധാന മാറ്റത്തെക്കുറിച്ചും പറഞ്ഞു.

“ഫ്രാൻസിസ് കോക്വലിൻ ഉണ്ടായിരുന്നെങ്കിൽ നാല് മധ്യനിര താരങ്ങളെ വെച്ച് കളിക്കാൻ കഴിയുമായിരുന്നു. ബാഴ്‌സലോണ നാല് മധ്യനിര താരങ്ങളുമായാണ് കളിക്കുന്നതെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നില്ല. അങ്ങിനെയാണെങ്കിൽ അവരുടെ ഒപ്പം നിൽക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. കോക്വലിനെ നഷ്‌ടമായാത് തിരിച്ചടിയായി, താരം ഞങ്ങളെ ഒരുപാട് സഹായിച്ചിരുന്നു.” അദ്ദേഹം പറഞ്ഞു.

“മത്സരം ഞങ്ങൾക്ക് വളരെ മോശമായിരുന്നില്ല, പക്ഷെ ഈ ടീം വളരെ മികച്ചതാണ്. അവർ വളരെ വേഗതയിലാണ് കളിക്കുന്നത്. അതിനു പുറമെ ഈ ബാഴ്‌സലോണ ടീമിൽ ചില കാര്യങ്ങൾ വളരെയധികം മാറിയിട്ടുണ്ട്, പന്ത് കൈവശമില്ലാത്തപ്പോൾ ടീം കളിക്കുന്ന രീതി. ആ സമയത്ത് അവർ എതിരാളികൾക്ക് മേൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു.” അദ്ദേഹം പറഞ്ഞു.

പെഡ്രി നേടിയ മനോഹരമായ ഗോളിൽ നേടിയ വിജയം നേടിയ ബാഴ്‌സലോണ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനുള്ള ആത്മവിശ്വാസം കൂടി നേടിയിട്ടുണ്ട്. ഇന്നലത്തെ മത്സരത്തോടെ തുടർച്ചയായ പതിനൊന്നു മത്സരങ്ങളിൽ ബാഴ്‌സ വിജയം നേടിയിട്ടുണ്ട്. സാവിക്ക് കീഴിൽ ടീം ശരിയായ ദിശയിലാണെന്ന് ഇത് വ്യക്തമാക്കുന്നു.

You Might Also Like