റോണോയെ പിന്തള്ളി ഡിബാല സീരി എയിലെ മികച്ച താരം, മറ്റു അവാർഡുകൾ ഇങ്ങനെ

2019/20 സീസണ്‍ ഇറ്റാലിയന്‍ സീരി എയിലെ മികച്ച താരമായി യുവന്റസിന്റെ അര്‍ജന്റീനന്‍ യുവതാരം പൗളോ ഡിബാല തെരഞ്ഞെടുക്കപ്പെട്ടു. ഈ സീസണില്‍ യുവന്റസിനെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡിബാല 33 ലീഗ് മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിരുന്നു.

31 ഗോളുമായി മികച്ച പ്രകടനം കാഴ്ച വെച്ച സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് ഡിബാല ഈ അവാര്‍ഡിനര്‍ഹനായതെന്നത് ഏറെ ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മൂല്യമേറിയ താരമായത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയായിരുന്നു. ഡിബാലയെ കൂടാതെ സീസണിലെ മികച്ച സ്ട്രൈക്കര്‍, മികച്ച പ്രതിരോധതാരം, മികച്ച ഗോള്‍കീപ്പര്‍, മികച്ച മിഡ്ഫീല്‍ഡര്‍, മികച്ച യുവതാരം എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.

മികച്ച സ്ട്രൈക്കറായി തെരഞ്ഞെടുത്തത് 36 ഗോളുകളും 5 അസിസ്റ്റുമായി ലാസിയോയുടെ ഗോളടിയന്ത്രം സിറോ ഇമ്മൊബിലെയാണ്. നിലവിലെ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് ജേതാവാണ് ഈ മുപ്പതുകാരന്‍.

മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുത്തത് ലീഗ് ചാമ്പ്യന്മാരായ യുവന്റസിന്റെ ഗോൾകീപ്പർ വോയിചെക് ഷെസ്നിയെയാണ്. മികച്ച പ്രതിരോധതാരമായത് ഇന്റർ മിലാന്റെ സ്റ്റെഫാൻ ഡി വ്രിജാണ്. അറ്റലാന്റയുടെ അര്ജന്റീനിയൻ താരം അലജാൻഡ്രോ ഗോമസ് മികച്ച മധ്യനിരതാരത്തിനുള്ള അവാർഡിനർഹനായി. യുവന്റസിലേക്ക് ചേക്കേറിയ പാർമയുടെ ഡേജൻ കുലുസേവ്സ്കിയാണ് മികച്ച യുവതാരത്തിനുള്ള അവാർഡ് നേടിയത്.

വിജയികൾക്കെല്ലാം അടുത്ത സീസണിൽ ജേഴ്സിക്കൊപ്പം ധരിക്കാൻ പ്രത്യേക ബാഡ്‌ജും ലഭിക്കും. കഴിഞ്ഞ സീസണിൽ റൊണാൾഡോ ഇത് ധരിക്കാൻ വിസമ്മതിച്ചിരുന്നു. സ്വന്തം ടീമിലെ സഹതാരങ്ങളിൽ നിന്നും മുന്നിട്ടു നിൽക്കുന്നവനാണെന്നു കാണിക്കാൻ റൊണാൾഡോക്ക് താത്പര്യമില്ലായിരുന്നു. റൊണാൾഡോയൊഴികെ ബാക്കിയെല്ലാവരും ഈ സീസണിൽ ഈ ബാഡ്ജ് ധരിച്ചുകൊണ്ടാണ് കളിക്കാനിറങ്ങിയത്.

You Might Also Like