രണ്ടു സൂപ്പർതാരങ്ങളുമായി വാക്കേറ്റം നടത്തി ക്യാപ്റ്റൻ സെർജിയോ റാമോസ്, റയലിൽ പ്രശ്നങ്ങൾ തുടരുന്നു

ലാലിഗയിൽ കാഡിസുമായും ചാമ്പ്യൻസ്‌ലീഗിൽ ഷാക്തർ ഡോണെസ്കുമായും തുടർച്ചയായ തോൽവി നേരിട്ടുവെങ്കിലും എൽ ക്ലാസിക്കോ വിജയത്തോടെ റയൽ മാഡ്രിഡ്‌ തിരിച്ചു വരവ് നടത്തിയിരുന്നു. എന്നിരുന്നാലും റയലിനായുള്ള ചില താരങ്ങളുടെ പ്രകടനത്തിൽ വൻവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് റയൽ ക്യാപ്റ്റനായ സെർജിയോ റാമോസ്.

അടുത്തിടെ റയലിൽ തനിക്കു കിട്ടുന്ന അവസരങ്ങളെ ചൂണ്ടിക്കാണിച്ചു സിദാനെതിരെ ഇസ്കോ രംഗത്തെത്തിയിരുന്നു. തന്നെ സിദാൻ കളിക്കാനിറക്കുന്ന രീതിയെക്കുറിച്ച് മാഴ്‌സെലോയോടും മോഡ്രിച്ചിനോടും പരാതി പറയുന്ന ഇസ്കോയുടെ വീഡിയോ സ്പാനിഷ് മാധ്യമമായ മൂവീസ്റ്റാർ പുറത്തുവിട്ടിരുന്നു. സിദാൻ തന്നെ എൺപതാം മിനുട്ടിലാണ് ഇറക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇറക്കുകയുള്ളുവെന്നും സ്റ്റാർട്ട്‌ ചെയ്താൽ 50 അല്ലെങ്കിൽ 60-ാം മിനുട്ടിൽ തന്നെ പിൻവലിക്കുമെന്നും ഇസ്കോ പരാതിപ്പെടുകയായിരുന്നു.

എന്നാൽ ഇതേ വാദം റാമോസിനോടും ഇസ്കോ ചൂണ്ടിക്കാണിച്ചതോടെയാണ് റാമോസ് താരത്തിന്റെ പ്രകടനത്തിനെതിരെ വിമര്ശനമുന്നയിച്ചത്. ഇസ്കോക്കൊപ്പം രണ്ടാം ക്യാപ്റ്റനായ മാഴ്‌സെലോയേയും കുറ്റപ്പെടുത്താൻ റാമോസ് മറന്നില്ല. കാഡിസിനെതിരായ മത്സരത്തിൽ വളരെ മോശം പ്രകടനമാണ് മാഴ്‌സെലോയുടെ ഭാഗത്തു നിന്നുമുണ്ടായത്.

മാഴ്‌സെലോ ക്യാപ്റ്റനായി ഇറങ്ങിയ ഷാക്തറുമായുള്ള മത്സരത്തിലും റയലിനു തോൽവിയേറ്റു വാങ്ങേണ്ടി വന്നിരുന്നു. ഇതോടെയാണ് റാമോസ് മോശം പ്രകടനം തുടരുന്ന ഇരു താരങ്ങൾക്കെതിരെയും രംഗത്തെത്തിയത്. 2018-19 സീസണു ശേഷം സിദാനു കീഴിൽ 82 മത്സരങ്ങളിൽ 28 എണ്ണത്തിൽ മാത്രമാണ് ഇസ്കോക്ക് അവസരം ലഭിച്ചത്. മികച്ച പ്രകടനം നടത്തുന്ന മെന്റിയും മാഴ്‌സെലോക്ക് അവസരങ്ങൾ കുറച്ചിരിക്കുകയാണ്.

You Might Also Like