യുവന്റസ് പരിശീലകനെ മുട്ടുകുത്തിച്ച് റൊണാൾഡോ-ഡിബാല കൂട്ടുകെട്ട്, അഭിപ്രായം മാറ്റി സാറി

കൊറോണ വൈറസിനെ തുടർന്ന് നിർത്തി വെച്ച സീസൺ പുനരാരംഭിച്ച് യുവന്റസ് ആദ്യ മത്സരം കളിക്കാനിറങ്ങുന്നതിനു മുന്നോടിയായി ടീമിലെ സൂപ്പർ താരങ്ങളായ ഡിബാല, റൊണാൾഡോ എന്നിവരെക്കുറിച്ച് പരിശീലകൻ സാറി ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇരുവരും മികച്ച താരങ്ങളാണെങ്കിലും രണ്ടു പേരെയും ഒരുമിച്ചു കളിപ്പിക്കുക ദുഷ്കരമാണെന്നും അതു ടീമിനെ ബാധിക്കുമെന്നുമാണ് സാറി പറഞ്ഞത്.

എന്നാൽ സിസൺ പുനരാരംഭിച്ച് ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്റെ വാക്കുകളെ വിഴുങ്ങേണ്ടി വന്നിരിക്കുകയാണ് സാറിക്ക്. ഇരുവരും ചേർന്ന് അത്ര മികച്ച പ്രകടനമാണ് കളിക്കളത്തിൽ കാഴ്ച്ച വെക്കുന്നത്. ജെനോവക്കെതിരെ ഇരുവരും ഗോൾ കണ്ടെത്തിയ മത്സരത്തിനു ശേഷം താൻ മുൻപു പറഞ്ഞ അഭിപ്രായം മാറ്റി സാറി ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

“ഇരുവരും ഒരുമിച്ചു കളിക്കുന്ന രീതിയിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലും കുറച്ചു കൂടി ഒത്തൊരുമ ഇരുവരും കാണിക്കേണ്ടതുണ്ട്. പരസ്പര ധാരണയോടെ കളിച്ചാൽ രണ്ടു പേർക്കും അതു നേട്ടങ്ങളുണ്ടാക്കുമെന്ന് അവർക്കു മനസിലായിരിക്കുന്നു. ട്രെയിനിംഗിനിടയിലും ഞാൻ അക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്.” സാറി പറഞ്ഞു.

ഡിബാല, റൊണാൾഡോ സഖ്യം ഫോമിലെത്തുന്നത് യുവന്റസിനു വലിയ പ്രതീക്ഷയാണ്. സീരി എ കിരീടം നേടാൻ ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമായ യുവന്റസിന്റെ കടിഞ്ഞാൺ ഇരുവരുടെയും കയ്യിലാണ്. സീരി എയിൽ മാത്രമല്ല, ചാമ്പ്യൻസ് ലീഗിലും യുവന്റസിനു കിരീടം നൽകാൻ ഈ കൂട്ടുകെട്ടിനു കഴിയും.

You Might Also Like