ചെൽസി ഒരുങ്ങിത്തന്നെ, റെക്കോർഡ് ട്രാൻസ്ഫർ നടത്തുന്ന കാര്യം സ്ഥിരീകരിച്ച് സാനേ

അടുത്ത സീസണിലേക്കായി ചെൽസി ക്ലബിന്റെ ട്രാൻസ്ഫർ റെക്കോർഡ് ഭേദിച്ച് ബയേർ ലെവർകൂസൻ താരമായ കെയ് ഹാവേർട്സിനെ സ്വന്തമാക്കുമെന്ന കാര്യം സ്ഥിരീകരിച്ച് ജർമൻ ടീമിലെ സഹതാരമായ ലെറോയ് സാനേ. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബയേൺ മ്യൂണിക്കിലേക്കു ചേക്കേറിയ ലെറോയ് സാനേ ജർമൻ ക്ലബ് തന്നെ ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുന്ന ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

”ജർമനിയിൽ വളരെ മികച്ച യുവതാരങ്ങളുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിരവധി ക്ലബുകൾ അവരിൽ പലരേയും നോട്ടമിടുന്നുമുണ്ട്. ബുണ്ടസ് ലിഗ ക്ലബുകൾ യുവതാരങ്ങൾക്ക് അവസരം നൽകാനും അവരെ വളർത്തിയെടുക്കാനും ശ്രമിക്കുന്നത് നല്ല കാര്യമാണ്.” സാനേ പറഞ്ഞു.

ഇതിനു ശേഷമാണ് താരം ചെൽസി രണ്ടു ജർമൻ താരങ്ങളെയും ഒരുമിച്ചു സ്വന്തമാക്കിയതിന്റെ സൂചനകൾ നൽകിയത്. “തീർച്ചയായും ടിമോ വെർണർ, ഹവേർട്സ് എന്നീ രണ്ടു താരങ്ങളെ ഒരു വർഷം തന്നെ ചെൽസിക്കു സ്വന്തമാക്കാൻ കഴിഞ്ഞത് വളരെ മികച്ച നേട്ടമാണ്. ജർമനിക്ക് വളരെ മികച്ചൊരു യൂത്ത് പ്രോഗ്രാം ഉണ്ടെന്നു കൂടിയാണ് അതു വ്യക്തമാക്കുന്നത്.” സാനേ പറഞ്ഞു.

നൂറു ദശലക്ഷം യൂറോയോളം ഹവേർട്സിനു വേണ്ടി ചെൽസി നൽകേണ്ടി വരുമെന്നാണ് സൂചനകൾ. അങ്ങിനെയാണെങ്കിൽ ചെൽസി ഏറ്റവും കൂടുതൽ തുക മുടക്കി സ്വന്തമാക്കുന്ന താരമായിരിക്കും ഹവേർട്സ്. ഇരുപത്തിയൊന്നുകാരനായ ഹവേർട്സിന്റെ ട്രാൻസ്ഫറിനോട് അടുക്കുന്ന ചെൽസി ടിമോ വെർണർ, ഹക്കിം സിയച്ച് എന്നിവരെ നേരത്തെ ടീമിലെത്തിച്ചിട്ടുണ്ട്.

You Might Also Like