ജിങ്കനെ ക്ഷണിച്ച് യൂറോപ്പിലെ സൂപ്പര്‍ ക്ലബുകള്‍, ബഗാന്‍ വിടുന്നു

ഒടുവില്‍ ഇന്ത്യന്‍ താരം സന്ദേഷ് ജിങ്കന്റെ സ്വപ്‌നങ്ങള്‍ പൂവണിയുന്നു. സെന്റര്‍ ബാക്കായ ജിങ്കന്‍ തന്റെ യൂറോപ്യന്‍ സ്വപ്‌നം പൂവണിയ്ക്കാനുളള സാധ്യതയ്ക്ക് തൊട്ടടുത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജിങ്കനായി മൂന്ന് യൂറോപ്യന്‍ ക്ലബുകള്‍ രംഗത്തുണ്ടെന്നാണ് പുറത്ത് വരുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ഓഫര്‍ ജിങ്കന്‍ സ്വീകരിക്കും.

ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുളള ക്ലബുകളാണത്രെ ജിങ്കനായി രംഗത്തുളളത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജിങ്കന് എ ടി കെ മോഹന്‍ ബഗാനില്‍ അഞ്ച് വര്‍ഷത്തെ കരാറുണ്ടെങ്കിലും യൂറോപ്പില്‍ നിന്ന് ഓഫര്‍ വന്നാല്‍ താരത്തെ റിലീസ് ചെയ്തു കൊടുക്കാന്‍ കരാറില്‍ വ്യവ്സ്ഥയുണ്ട്. ജിങ്കന്‍ ഇതുവരെ എടികെയ്ക്ക് ഒപ്പം പരിശീലനം ആരംഭിച്ചിട്ടില്ല.

ക്ലബ് വിടുന്നത് സംബന്ധിച്ച് എടികെ മോഹന്‍ ബഗാനുമായി ജിങ്കന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിന് ശേഷമാകും അന്തിമ തീരുമാനം പുറത്ത് വരുക.

കഴിഞ്ഞ സീസണിലെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കന്‍ നീണ്ട കാലമായി യൂറോപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതാണ് ഇപ്പോള്‍ പൂവണിയുന്നത്. യൂറോപ്പില്‍ കളിയ്ക്കണം എന്ന ആഗ്രഹത്തിന് പുറത്താണ് നീണ്ട ആറ് വര്‍ഷത്തിന് ശേഷം നേരത്തെ ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത് തന്നെ.

You Might Also Like