ലീഡ്‌സിനെതിരെ ഹാട്രിക്ക്, റെക്കോർഡിട്ട് പ്രീമിയർ ലീഗിനു തുടക്കം കുറിച്ച് സലാ

2020-21 പ്രീമിയർലീഗ് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്ക് പ്രകടനവുമായി വരവറിയിച്ചിരിക്കുകയാണ് ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാ. 16 വർഷത്തെ ഇടവേളയ്ക്കു ശേഷം അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയേൽസക്കു കീഴിൽ പ്രീമിയർ ലീഗിലേക്ക് വൻതിരിച്ചുവരവ് നടത്തിയ ലീഡ്സ് യുണൈറ്റഡിനെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ചാമ്പ്യന്മാർ തറപറ്റിച്ചത്. തിരിച്ചുവരവ് ഒട്ടും മോശമാക്കാതെ തന്നെയാണ് ലീഡ്‌സും കളിച്ചു മുന്നേറിയത്.
സീസണിന്റെ ആദ്യമത്സരത്തിൽ തന്നെ ഹാട്രിക്ക് നേടിക്കൊണ്ട് ഇംഗ്ലീഷ് വമ്പൻമാർക്ക് മുന്നറിയിപ്പു നൽകുകയാണ് സലാ. 1988-89 സീസണിൽ ആദ്യമത്സരത്തിൽ ജോൺ ആൽഡ്രിഡ്ജ് ചാൾട്ടണെതിരെ നേടിയ ഹാട്രിക്കിന് ശേഷം മുഹമ്മദ് സലായാണ് ആദ്യമത്സരത്തിൽ ഹാട്രിക്ക് നേട്ടം കൈവരിക്കുന്ന ആദ്യ താരം. ഈ ഹാട്രിക്ക് നേട്ടത്തോടെ പ്രീമിയർ ലീഗിന്റെ ചരിത്രതാളുകളിൽ ഇടംപിടിക്കാനും സലായ്ക്ക് സാധിച്ചിരിക്കുകയാണ്.
35 – Liverpool have now won each of the last 35 @premierleague games in which Mo Salah has scored – he has overtaken Wayne Rooney's competition record of 34 consecutive wins when scoring from September 2008 to February 2011. King. pic.twitter.com/7wkA9Dmywz
— OptaJoe (@OptaJoe) September 12, 2020
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിയുടെ റെക്കോർഡ് ആണ് മുഹമ്മദ് സലാ മറികടന്നിരിക്കുന്നത്. സലാ ലിവർപൂളിന് വേണ്ടി ഗോൾ നേടിയ 35 മത്സരങ്ങളിലും ലിവർപൂളിന് വിജയം നേടാനായതെന്നതാണ് ചരിത്രത്താളുകളിൽ ഇടം പിടിച്ചത്. റൂണി ഗോൾ നേടിയ 34 മത്സരങ്ങളും യുണൈറ്റഡിന് വിജയം നേടാനായെന്നത് പ്രീമിയർ ലീഗിലെ മുൻ റെക്കോർഡായിരുന്നു. ആ റെക്കോർഡാണ് ഇന്നലത്തെ ഹാട്രിക്കോടെ സലാ മറികടന്നത്.വിജയത്തിനുശേഷം ലീഡ്‌സിന്റെ പോരാട്ടവീര്യത്തെക്കുറിച്ച് സംസാരിക്കാനും സലാ മറന്നില്ല
” വളരെ ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു ഇത്. പ്രത്യേകിച്ച് ഫാൻസിന്റെ അഭാവത്തിൽ കളിക്കുന്നതിനാൽ. അവരുടെ പാസിങ് മികച്ചതായിരുന്നു. അവരുടെ കളിയിലെ സമ്മർദ്ദം വളരെ മികച്ചതായിരുന്നു. ഞങ്ങൾക്ക് മികച്ചൊരു മത്സരമായിരുന്നു ഇത്. ഞങ്ങളൊരിക്കലും മൂന്നു ഗോളുകൾ വഴങ്ങരുതായിരുന്നു. എങ്കിലും മൊത്തത്തിൽ ഞങ്ങൾക്ക് നന്നായി കളിക്കാനായി. അവർ ബുദ്ധിമുട്ടേറിയ ടീം തന്നെയായിരുന്നു. സാഹചര്യങ്ങളോട് നന്നായി പ്രതികരിച്ചു. അവർ മൂന്നു ഗോളുകൾ നേടിയെന്നു പറഞ്ഞാൽ ഞങ്ങൾക്ക് ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് അർത്ഥം.” സലാ മത്സരശേഷം പറഞ്ഞു.