ഫ്രീകിക്ക് ടെക്നിക്ക് മാറ്റിപ്പിടിച്ച് റൊണാൾഡോ, ടൊറിനോക്കെതിരായ ഗോളിന്റെ ചുരുളഴിയുന്നു

ഏതാണ്ട് രണ്ടു വർഷങ്ങൾ കാത്തിരുന്നാണ് സീരി എയിലെ തന്റെ ആദ്യത്തെ ഫ്രീ കിക്ക് ഗോൾ റൊണാൾഡോ നേടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലും റയലിലും നിരവധി തവണ ഫ്രീ കിക്കുകളിൽ നിന്നും വലകുലുക്കിയ താരത്തിന്റെ ഈ അവസ്ഥക്കു കാരണമെന്തെന്ന് പലരും ചിന്തിച്ചിരുന്നു. ഇതിന്റെ പേരിൽ കളിയാക്കലുകളും അദ്ദേഹം ഏറ്റു വാങ്ങി.

ഫ്രീ കിക്ക് എടുക്കുന്ന റൊണാൾഡോയുടെ രീതിയാണ് ഇത്രയും വലിയൊരു ഇടവേള അദ്ദേഹത്തിനു വരുത്തിയതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ടൊറിനോക്കെതിരായ മത്സരത്തിൽ അതിൽ വരുത്തിയ മാറ്റം അദ്ദേഹത്തിന് ഗുണം ചെയ്തുവെന്നും ട്വിറ്ററിൽ ആരാധകർ ചർച്ച ചെയ്യുന്നു.

പന്തിനെ ശക്തിയോടെ പ്രഹരിച്ച് വായുവിൽ ദിശാവ്യതിയാനം വരുത്തുന്ന തരത്തിലുള്ള ഫ്രീ കിക്കാണ് റൊണാൾഡോ കൂടുതലും പരീക്ഷിക്കുക. എന്നാൽ അതിനു പകരം പന്തിന്മേൽ വളരെ നിയന്ത്രണത്തോടെ വളച്ച് ഒഴിഞ്ഞ സ്ഥലത്തേക്ക് പ്ലേസ് ചെയ്യുന്ന രീതിയാണ് ടൊറിനോക്കെതിരെ താരം പരീക്ഷിച്ചത്. അതു ഗുണം ചെയ്യുകയും ചെയ്തു.

2018ലെ ലോകകപ്പിൽ സ്പെയിനെതിരെ നേടിയ ഫ്രീ കിക്ക് ഗോൾ ഇതിനു സമാനമാണെന്നാണ് ആരാധകർ പറയുന്നത്. ഇത്തരം ഫ്രീ കിക്കുകൾ താരം കൂടുതൽ പരീക്ഷിക്കണമെന്നും അതു കൂടുതൽ ഗോൾ കണ്ടെത്താൻ പോർച്ചുഗൽ നായകനെ സഹായിക്കുമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

You Might Also Like