ഈ അവഗണന ക്രൂരതയാണ്, ബെൻസിമക്ക് പിന്തുണയേറുന്നു

Image 3
FeaturedFootball

ഈ സീസണിൽ റയൽ മാഡ്രിഡിനെ ലാലിഗ കിരീടത്തിലേക്കു നയിക്കുന്നതിൽ നിർണായകമായ പങ്കാണ് ഫ്രഞ്ച് താരമായ ബെൻസിമ വഹിച്ചത്. ലയണൽ മെസിക്കു പിന്നിൽ ലാലിഗ ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്തായെങ്കിലും റൊണാൾഡോ പോയതിനു ശേഷം റയൽ മുന്നേറ്റനിരയെ അടക്കി ഭരിച്ചത് താരം തന്നെയാണ്. ഇതോടെ ഫ്രഞ്ച് ടീമിലേക്ക് താരത്തെ തിരിച്ചെടുക്കുന്ന കാര്യം ചിന്തിക്കണമെന്ന ആവശ്യവും ശക്തി പ്രാപിച്ചിട്ടുണ്ട്.

2015നു ശേഷം ഇതു വരെയും ഫ്രാൻസ് ടീമിൽ ബെൻസിമ കളിക്കാനിറങ്ങിയിട്ടില്ല. ഫ്രഞ്ച് ടീമിലെ സഹതാരമായ മാത്യൂ വാൽബുവേനയെ സെക്സ് ടേപ് വിവാദത്തിൽ കുടുക്കാൻ ശ്രമിച്ചുവെന്നതിനെ തുടർന്നാണ് താരത്തെ ടീമിൽ നിന്നും നിഷ്കരുണം ഒഴിവാക്കിയത്. എന്നാൽ റയലിനു വേണ്ടി മികച്ച പ്രകടനം നടത്തിയതോടെ ഇപ്പോൾ റയൽ സ്ട്രൈക്കർക്ക് അനുകൂലമായി ഫ്രാൻസിൽ പലരും രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്.

ഫ്രഞ്ച് മാധ്യമായ ലെ എക്വിപ്പെയുടെ കഴിഞ്ഞ ദിവസത്തെ എഡിഷനിലെ ആദ്യത്തെ പേജിൽ തന്നെ ബെൻസിമയുടെ ചിത്രമാണവർ പ്രസിദ്ധീകരിച്ചത്‌. താരം പൂർണമായും അവഗണിക്കപ്പെടുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ടെന്നതിന്റെ സൂചനകൾ തന്നെയാണിത്. ഈ പ്രശ്നത്തിന്റെ പേരിൽ 2016ലെ യൂറോ കപ്പും 2018ൽ ഫ്രാൻസ് വിജയിച്ച ലോകകപ്പുമാണ് ബെൻസിമക്കു നഷ്ടമായത്.

അതേ സമയം ഇത്തവണത്തെ ബാലൺ ഡി ഓർ ഒഴിവാക്കപ്പെട്ടത് ഫ്രഞ്ച് പരിശീലകൻ ദെഷംപ്സിന് ആശ്വാസമായെന്ന് ചിലർ വിലയിരുത്തുന്നുണ്ട്. റയൽ ചാമ്പ്യൻസ് ലീഗിൽ മുന്നേറി അതു ബെൻസിമയെ ബാലൺ ഡി ഓറിന്റെ ആദ്യ സ്ഥാനങ്ങളിലെത്തിച്ചാൽ അടുത്ത വർഷത്തെ യൂറോ കപ്പിനു താരത്തെ ഉൾപ്പെടുത്താനുള്ള സമ്മർദ്ദവും വർദ്ധിക്കുമായിരുന്നു.