ഡിബാലക്കു വേണ്ടി റയൽ മാഡ്രിഡ് രംഗത്ത്, രണ്ടു താരങ്ങളിലൊരാളെ വിട്ടു നൽകും

യുവന്റസിന്റെ അർജൻറീനിയൻ താരമായ പൗളോ ഡിബാലക്കു വേണ്ടി റയൽ മാഡ്രിഡ് രംഗത്ത്. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടു തോറ്റു പുറത്തായതിനു പിന്നാലെ അടുത്ത സീസണിലേക്കായി താരത്തെ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബ് എല്ലാ തരത്തിലുള്ള ശ്രമങ്ങളും ആരംഭിച്ചതായി സ്പോർട്സ് മീഡിയാസെറ്റ് ആണു റിപ്പോർട്ടു ചെയ്തത്. ഇതിനു വേണ്ടി ടീമിലെ രണ്ടു പ്രധാന താരങ്ങളിൽ ഒരാളെ വിട്ടു കൊടുക്കാൻ റയൽ തയ്യാറാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സാറിക്കു പകരം പിർലോ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് ഡിബാലക്കു വേണ്ടി റയൽ ശ്രമം നടത്തുന്നത്. അർജന്റീന താരം യുവന്റസിൽ പ്രധാനിയാണെങ്കിലും പിർലോക്ക് ആവശ്യമുള്ള ഒരു താരത്തെ വിട്ടു കൊടുക്കാമെന്ന നിലപാടാണ് പെരസിന്. മധ്യനിര താരം ടോണി ക്രൂസിനു പുറമേ പിർലോക്ക് വളരെയധികം താൽപര്യമുള്ള ഇസ്കോയേയും ഉൾപ്പെടുത്തിയുള്ള ഡീലാണ് റയൽ മുന്നോട്ടു വെക്കുന്നത്.

കഴിഞ്ഞ സീസണിൽ അയാക്സിനോട് തോറ്റ് യുവൻറസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനു പിന്നാലെ ഇസ്കോയോടുള്ള താൽപര്യം പിർലോ വ്യക്തമാക്കിയതാണ്. റൊണാൾഡോയെ പോലെ ഒരു ഗോൾ മെഷീൻ ഉണ്ടെങ്കിലും അതിനു പിന്നിൽ ഇസ്കോയെ പോലെ ഒരു മധ്യനിര താരം കൂടി കളിച്ചാലേ യുവന്റസിനു ചാമ്പ്യൻസ് ലീഗ് വിജയം നേടാനാകൂവെന്ന് പിർലോ കഴിഞ്ഞ സീസണിൽ പ്രതികരിച്ചിരുന്നു.

ക്രൂസ് അല്ലെങ്കിൽ ഇസ്കോയെ ഉൾപ്പെടുത്തി 100 ദശലക്ഷം യൂറോ മൂല്യമുള്ള കരാറാണ് റയൽ മുന്നോട്ടു വെക്കുന്നത്. ഇസ്കോക്ക് ഡിബാലയുടെ പൊസിഷൻ കവർ ചെയ്യാൻ കഴിയുമെന്നതു കൊണ്ട് ട്രാൻസ്ഫറിനെ കുറിച്ച് യുവന്റസ് ചിന്തിക്കാനിടയുണ്ട്. എന്നാൽ റൊണാൾഡോ ക്ലബ് വിടുകയാണെങ്കിൽ യുവന്റസ് ഡിബാലയേയും നഷ്ടപ്പെടുത്താൻ ഒരിക്കലും സാധ്യതയില്ല.

You Might Also Like