റാമോസിന് പകരക്കാരനെ വേണം, ബാഴ്സയുടെ ലക്ഷ്യത്തിനായി മത്സരിച്ച് റയൽ മാഡ്രിഡും രംഗത്ത്

ബാഴ്സ ഏറെക്കാലമായി പിന്തുടരുന്ന യുവപ്രതിഭയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് പ്രതിരോധതാരം എറിക് ഗാർഷ്യ. ഈ സീസൺ അവസാനം താരത്തിന്റെ കരാർ അവസാനിക്കുമെന്നതും കരാർ പുതുക്കാൻ താരം ഇതുവരെയും സമ്മതം മൂളാത്തതും താരം ബാഴ്സക്ക് അനുകൂലസാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ബാഴ്സ പ്രതിരോധതാരമായ പിക്കെക്കു പകരക്കാരനായാണ് എറിക് ഗാർഷ്യയെ ബാഴ്സ ലക്ഷ്യമിട്ടിരിക്കുന്നത്. മുൻ ലാ മാസിയ താരമാണെന്നതും ഈ ട്രാൻഫർ ബാഴ്സക്ക് കൂടുതൽ അനുകൂലമാക്കുന്നുണ്ട്. എന്നാലിപ്പോൾ താരത്തിനായി ബാഴ്സക്കെതിരെ മത്സരിക്കാൻ ചിരവൈരികളായ റയൽ മാഡ്രിഡും രംഗത്തെത്തിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന് പകരക്കാരനായാണ് റയൽ മാഡ്രിഡ്‌ സിറ്റി താരം ഗാർഷ്യയെ നോട്ടമിട്ടിരിക്കുന്നത്. സെർജിയോ റാമോസിന്റെ കരാർ പുതുക്കാൻ ഇതുവരെയും വേതനത്തിന്റെ കാര്യത്തിൽ റയലുമായി സന്ധിയിലെത്തതാണ് പുതിയ താരത്തിനായി ശ്രമിക്കാൻ റയലിനെ നിർബന്ധിതമാക്കിയിരിക്കുന്നത്. വരുന്ന ജൂൺ 30നു രമോസിന്റെ റയലിലെ കരാറിനു പര്യവസാനമാകും.

കരാർ പുതുക്കാൻ വൈകുന്നതോടെ വമ്പന്മാർ തന്നെ താരത്തിനു പിന്നാലെയുണ്ട്. പിഎസ്‌ജിയാണ് താരത്തിന്റെ സേവനത്തിനായി മുന്നിലുള്ളത്. ഗാർഷ്യയെക്കൂടാതെ വിയ്യാറയലിന്റെ പാവു ടോറസിനേയും റയൽ മാഡ്രിഡ്‌ നോട്ടമിട്ടിട്ടുണ്ട്. സ്പാനിഷ് മാധ്യമമായ ഡയാരിയോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം പുതിയ കരാറിന്റെ കാലാവധിയിലും വേതനത്തിലുമാണ് റാമോസിന് എതിർപ്പെന്നാണ് അറിയാനാകുന്നത്. റാമോസിനെ നിലനിർത്താനായില്ലെങ്കിൽ പകരക്കാർക്കായുള്ള ശ്രമത്തിലാണ് നിലവിൽ റയൽമാഡ്രിഡ്.

You Might Also Like