കോവിഡ് ടെസ്റ്റില്‍ പിഴവ്, റയലിന് സൂപ്പര്‍ താരത്തേയും നഷ്ടമായി

ശനിയാഴ്ച അലാവെസുമായുള്ള മത്സരത്തിന് തയ്യാറെടുക്കവേ റയലിനെ തേടി അടുത്ത തിരിച്ചടി. പരിശീലനത്തില്‍ നിന്നും ലുക്കാ ജോവിക്കിനൊപ്പം റയല്‍ മാഡ്രിഡിന് മറ്റൊരു താരത്തെ കൂടി നഷ്ടമായി. കോവിഡ് 19 ടെസ്റ്റുകളില്‍ വന്ന പാകപ്പിഴവ് മൂലം മുന്‍ കരുതലെന്ന നിലയില്‍ പുത്തന്‍ താരോദയമായ വിനിഷ്യസ് ജൂനിയറിനെ പരിശീലകനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

ലാലിഗ പുനരാരംഭിക്കുന്നതിനു മുമ്പേ വലിയ തോതില്‍ താരങ്ങളെ കൊറോണ റാപിഡ് ടെസ്റ്റുകള്‍ക്കു വിധേയരാക്കിയിരുന്നു. ഇതിലെ വിനീഷ്യസ് ജൂനിയറിന്റെ ടെസ്റ്റിങ്ങില്‍ വന്ന പാകപ്പിഴവ് താരത്തിനെ വീണ്ടും ടെസ്റ്റ് ചെയ്യിക്കേണ്ടി വന്നിരിക്കുകയാണ്. ഇതോടെ അലാവെസുമായുള്ള മത്സരത്തില്‍ താരത്തിന് കളിക്കാനായേക്കില്ല. ഇതു വരെ അസുഖം ബാധിച്ചാണ് കളിച്ചതെന്നുള്ളതല്ല എന്നാല്‍ താരത്തിന്റെ ടെസ്റ്റ് ഫലം സുതാര്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

‘അത് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്നുള്ളതല്ല.. ടെസ്റ്റുകളില്‍ പിഴവ് വരുമ്പോള്‍ ഞങ്ങളും ലാലിഗ അധികൃതരും താരത്തെ പരിശീലനത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിലക്കും. എന്താണ് സംഭവിക്കുന്നതെന്നു നമുക്ക് നോക്കാം. അവന്‍ ടീമിനോട് ചേരുന്ന കാര്യം ഇന്ന് വരുന്ന പുതിയ ടെസ്റ്റിന്റെ ഫലത്തോടെ അറിയാനാകും.’ സിനദിന്‍ സിദാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കോവിഡ് 19 നിയമങ്ങളുടെ നിയന്ത്രണങ്ങള്‍ മൂലം സെര്‍ബിയന്‍ മുന്നേറ്റതാരം ലുക്കാ ജോവിക്കിനു സ്‌പെയിനിലെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് മികച്ച പ്രകടനം കാഴ്ച വെക്കുന്ന മറ്റൊരു താരത്തിനെ കൂടെ റയലിന് നഷ്ടമായിരിക്കുന്നത്.

എസ്പാന്യോളുമായി വിജയിച്ചതോടെ ബാഴ്‌സലോണ റയല്‍ മാഡ്രിഡുമായി ഒരു പോയന്റ് വ്യത്യാസത്തില്‍ രണ്ടാമതാണ്. ഇനിയുള്ള നിര്‍ണായക മത്സരങ്ങളിലേക്ക് താരത്തിന്റെ സേവനം ലഭ്യമാവുമോ എന്നതാണ് റയല്‍ മാഡ്രിഡ് ഉറ്റുനോക്കുന്നത്.

You Might Also Like