ക്വാർട്ടുവയുടെ കാര്യത്തിൽ റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി, പകരക്കാരായി മൂന്നു പേർ പരിഗണനയിൽ

നാളെ രാത്രി ഈ സീസൺ ലാ ലിഗയിലെ ആദ്യത്തെ മത്സരം അത്‌ലറ്റിക് ബിൽബാവോക്കെതിരെ കളിക്കാനിരിക്കെയാണ് റയൽ മാഡ്രിഡിന് തിരിച്ചടി നൽകി ഗോൾകീപ്പർ തിബോ ക്വാർട്ടുവക്ക് പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെയാണ് ബെൽജിയൻ ഗോൾകീപ്പർക്ക് പരിക്കേറ്റത്. താരത്തെ സ്‌ട്രെച്ചറിലാണ് പരിശീലനഗ്രൗണ്ടിൽ നിന്നും മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

ക്വാർട്ടുവക്ക് എസിഎൽ ഇഞ്ചുറി ആണെന്നും ശസ്ത്രക്രിയ വേണ്ടി വരുമെന്നും റയൽ മാഡ്രിഡ് അതിനു ശേഷം സ്ഥിരീകരിച്ചിരുന്നു. ഇതുപോലെയുള്ള പരിക്കിനു ശസ്ത്രക്രിയ നടത്തിയാൽ ആറു മുതൽ ഒൻപത് മാസം വരെ പുറത്തിരിക്കേണ്ടി വരുമെന്നുറപ്പാണ്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം തിബോ ക്വാർട്ടുവ ഏപ്രിൽ മാസത്തിലെ കളിക്കളത്തിലേക്ക് തിരിച്ചു വരൂ. ബെൻസിമ അടക്കമുള്ള താരങ്ങളെ നഷ്‌ടമായ റയൽ മാഡ്രിഡിന് ഇത് കൂടുതൽ തിരിച്ചടിയാണ്.

രണ്ടാം നമ്പർ കീപ്പറായ ലുനിനിന് ഇപ്പോൾ തന്നെ ടീമിന്റെ ചുമതല നൽകാൻ കഴിയില്ലെന്നതു കൊണ്ട് റയൽ മാഡ്രിഡ് പുതിയ ഗോൾകീപ്പർമാരെ തേടുകയാണ്. റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ഡേവിഡ് ഡി ഗിയ, ലോകകപ്പിൽ മിന്നും പ്രകടനം നടത്തിയ മൊറോക്കൻ ഗോൾകീപ്പർ ബോണോ, ചെൽസിയുടെ ഗോൾകീപ്പറായ കെപ്പ എന്നിവരാണ് റയൽ മാഡ്രിഡിന്റെ പരിഗണനയിലുള്ളത്.

ഈ ലിസ്റ്റിലുള്ളതിൽ പ്രധാന പരിഗണന കെപ്പക്കാണെങ്കിലും താരത്തെ സ്വന്തമാക്കുക റയൽ മാഡ്രിഡിനെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അതേസമയം എട്ടു വർഷം മുൻപ് റയൽ മാഡ്രിഡ് സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്ന ഡേവിഡ് ഡി ഗിയ ഇപ്പോൾ ഫ്രീ ഏജന്റാണ്. ബോണോയെ സ്വന്തമാക്കാനും റയൽ മാഡ്രിഡിന് കഴിയും. എന്തായാലും പുതിയൊരു താരത്തെ റയൽ മാഡ്രിഡ് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

You Might Also Like