പോഗ്ബയുടെ റയൽ മാഡ്രിഡ്‌ സ്വപ്നം തകരുന്നു, പകരക്കാരനു വേണ്ടി സിദാൻ ശ്രമം തുടങ്ങി

റയൽ മാഡ്രിഡ്‌ കുറേക്കാലമായി  ശ്രമിച്ചു കൊണ്ടിരുന്ന താരമായിരുന്നു ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബ. കഴിഞ്ഞ സീസണിൽ തന്നെ താരത്തിനായി ഓഫർ നൽകിയിരുന്നെങ്കിലും  യുണൈറ്റഡിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. സിദാന്റെ പ്രിയതാരമായിരുന്നു പോൾ പോഗ്ബ അടുത്തിടെ റയൽ മാഡ്രിഡിലേക്കു ചേക്കേറാനുള്ള മോഹവും വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ മോശം പ്രകടനങ്ങൾ തുടരുന്നതും പരിക്കിനു ശേഷം  പ്രതീക്ഷക്കൊപ്പം ഉയരാൻ സാധിക്കാത്തതും പോഗ്ബക്ക്  ഭീഷണിയാവുന്നുണ്ട്.  മികച്ച പ്രകടനം പോഗ്ബക്ക്  തുടരാനായില്ലെങ്കിൽ മറ്റൊരു താരത്തെക്കൂടി  നോട്ടമിട്ടിരിക്കുകയാണ് റയൽ മാഡ്രിഡ്‌.   ഫ്രഞ്ച് ലീഗിലെ റെന്നെസ് യുവതാരം എഡ്‌വാർഡോ കാമവിങ്കയെയാണ്  സിദാൻ നോട്ടമിട്ടിരിക്കുന്നത്.

യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൽക്ഷേർ  പോഗ്ബക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പോഗ്ബ യുണൈറ്റഡിൽ തന്നെ തുടരാനും സാധ്യത കാണുന്നുണ്ട്. അഥവാ പോഗ്ബ ക്ലബ്ബ് വിടാൻ തയ്യാറായാലും അമിതവില ചോദിച്ചേക്കാവുന്ന പോഗ്ബയ്ക്ക് പകരം  കാമവിങ്കക്ക് വേണ്ടി ശ്രമമരംഭിക്കാനുള്ള നീക്കത്തിലാണ് സിദാൻ. ഫ്രാൻസിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു കഴിവ് തെളിയിച്ചതും സിദാനെ താരത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്.

പോഗ്ബയേക്കാൾ വിലക്കുറവും  റെന്നെസുമായി പെട്ടെന്നു കരാറിലെത്താമെന്നതുമാണ്  കമവിങ്കക്കായി ശ്രമിക്കാൻ റയലിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഒപ്പം ഇത്രയും കുറഞ്ഞ വയസിൽ കളിക്കളത്തിൽ കാണിക്കുന്ന  പക്വതയും ഭാവിതാരമായി ഉയർത്തികൊണ്ടുവരാമെന്നതും റയൽ പരിഗണിക്കുന്നുണ്ട്. ഡയാരിയോ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇതിനകം തന്നെ സിദാൻ താരത്തിനായി റെന്നെസിനെ സമീപിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ  റയലിലേക്കു ചേക്കേറാനുള്ള പോഗ്ബയുടെ സ്വപ്നം  വിഫലമാവാനുള്ള സാധ്യതയാണ് ഉയർന്നു വന്നിരിക്കുന്നത്.

You Might Also Like