പുതിയ ഡിമാന്റുകളുമായി റാമോസ്, റയലില്‍ തുടരണമെങ്കില്‍ വന്‍ തുക നല്‍കണം

ബാഴ്‌സയെ മറികടന്നു മുപ്പത്തിനാലാം ലാലിഗ കിരീടവിജയം നേടുന്നതിൽ മുഖ്യ പങ്കുവഹിച്ച റയൽ മാഡ്രിഡിന്റെ താരമാണ് സെർജിയോ റാമോസ്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ മികവ് പുലർത്തിയ താരം ഒട്ടനവധി റെക്കോർഡുകളും ഈ ലീഗിൽ കുറിച്ചിരുന്നു.

ലാലിഗ കിരീടനേട്ടത്തിനുശേഷം റയൽ മാഡ്രിഡിലെ ഭാവിയെ പറ്റി സെർജിയോ റാമോസ് സംസാരിച്ചിരുന്നു. പ്രസിഡന്റ്‌ ആവിശ്യപ്പെടുന്നിടത്തോളം കാലം റയൽ മാഡ്രിഡിൽതന്നെ തുടരുമെന്നായിരുന്നു റാമോസ് അഭിപ്രായപ്പെട്ടത്. താരത്തെ പുകഴ്ത്തി കൊണ്ട് റയൽ പ്രസിഡന്റ്‌ ഫ്ലോറെന്റിനോ പെരെസും മുന്നോട്ട് വന്നിരുന്നു. റാമോസിന്റെ സേവനം കൂടുതൽ കാലം റയൽ മാഡ്രിഡിനു ആവശ്യമുണ്ടെന്നും പെരെസ് തുറന്നു പറഞ്ഞിരുന്നു.

തുടർന്ന് റാമോസിന്റെ കരാർ പുതുക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾക്കും തുടക്കം കുറിച്ചിരുന്നു. നിലവിൽ 2021 വരെയാണ് റയൽ മാഡ്രിഡിൽ റാമോസിന് കരാറുള്ളത്.

ഇത് നീട്ടാനാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം തന്റെ കരാർ പുതുക്കാൻ വേണ്ടി പതിനേഴ് മില്യൺ യുറോ ആവിശ്യപ്പെട്ടിരിക്കുകയാണ് സെർജിയോ റാമോസ്.

സ്പാനിഷ് മാധ്യമമായ ഡയാറിയോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനോട് റയൽ മാഡ്രിഡ്‌ പ്രതികരണമറിയിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2005-ലായിരുന്നു സെവിയ്യയിൽ നിന്നാണ് റാമോസ് റയലിലെത്തുന്നത്. കുറഞ്ഞകാലത്തിനുള്ളിൽ റയൽ മാഡ്രിഡിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കുയർന്ന താരം മികച്ച കരാരോടു കൂടി റയലിൽ തന്നെ വിരമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You Might Also Like