ബെൻസിമ മാജിക്കിൽ ബാഴ്‌സലോണ തകർന്നടിഞ്ഞു, റയൽ മാഡ്രിഡ് ഫൈനലിൽ

കരിം ബെൻസിമ നിറഞ്ഞാടിയ കോപ്പ ഡെൽ റേ സെമി ഫൈനൽ രണ്ടാംപാദ മത്സരത്തിൽ ബാഴ്‌സലോണയെ കീഴടക്കി റയൽ മാഡ്രിഡ് ഫൈനലിൽ. ആദ്യാപാദത്തിൽ റയൽ മാഡ്രിഡിന്റെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയ  ബാഴ്‌സലോണ രണ്ടാംപാദത്തിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്.

മത്സരത്തിൽ മൂന്നു ഗോളുകൾ നേടിയ ഫ്രഞ്ച് താരം കരിം ബെൻസിമയാണ് റയൽ മാഡ്രിഡിനെ തകർത്തു കളഞ്ഞത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ റയൽ വയ്യഡോളിഡിനെതിരെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ കരിം ബെൻസിമ കഴിഞ്ഞ ദിവസം ബാഴ്‌സലോണക്കെതിരെയും ആ നേട്ടം ആവർത്തിച്ചു. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറാണ് റയലിന്റെ മറ്റൊരു ഗോൾ നേടിയത്.

രണ്ടു ടീമുകളും ഒപ്പത്തിനൊപ്പമാണ് ആദ്യപകുതിയിൽ പൊരുതിയതെങ്കിലും ഗോൾ അകന്നു നിന്നു. എൽ ക്ലാസിക്കോ മത്സരത്തിന്റെ ചൂട് നിറഞ്ഞു നിന്നിരുന്ന മത്സരത്തിൽ താരങ്ങൾ തമ്മിലുള്ള വാക്കേറ്റമെല്ലാം അടിക്കടി ഉണ്ടായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റയൽ മാഡ്രിഡ് ഒരു പ്രത്യാക്രമണത്തിൽ നിന്നും നേടിയ ഗോളാണ് മത്സരം അവരുടേതാക്കി മാറ്റിയത്. വിനീഷ്യസാണ് ഗോൾ നേടിയത്.

ആദ്യപകുതിയിലെ ഗോളിന്റെ ആവേശത്തിൽ രണ്ടാം പകുതിക്കിറങ്ങിയ റയൽ മാഡ്രിഡ് തുടക്കത്തിൽ തന്നെ ഒരു ഗോൾ നേടി. പിന്നീട് കൃത്യമായ ഇടവേളകളിൽ രണ്ടു ഗോളുകൾ കൂടി നേടി ബെൻസിമ ടീമിന് വിജയവും ഫൈനൽ പ്രവേശനവും ഉറപ്പിച്ചു. രണ്ടാമത്തെ ഗോൾ കൂടി വീണതോടെ തളർന്നു പോയ ബാഴ്‌സലോണക്ക് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായിരുന്നില്ല.

പരിക്കിന്റെ പ്രശ്‌നങ്ങൾ ബാഴ്‌സലോണയെ വളരെയധികം ബാധിച്ചിരുന്നു. ടീമിലെ പ്രധാന താരങ്ങളായ പെഡ്രി, ക്രിസ്റ്റൻസെൻ, ഫ്രാങ്കീ ഡി ജോംഗ്, ഡെംബലെ തുടങ്ങിയ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതു കാരണം മത്സരത്തിന് ഇറങ്ങിയിരുന്നില്ല. അതേസമയം അത് മുതലെടുത്തു കളിച്ച റയൽ മാഡ്രിഡ് കൃത്യമായി തങ്ങളുടെ പദ്ധതി നടപ്പിലാക്കി.

You Might Also Like