സിറ്റിയുടെ വിജയം കാര്യമാക്കുന്നില്ല, ടീമിന്റെ പ്രകടനത്തിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നു റാഷ്‌ഫോർഡ്

പ്രീമിയർലീഗിൽ വിസ്മയകരമായ കുതിപ്പാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്. ആഴ്സണലിനെതിരായ ഏകപക്ഷീയമായ ഒരു ഗോളിൻ്റെ തകർപ്പൻ വിജയത്തോടെ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ഇതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള പോയൻ്റ് വ്യത്യാസം പത്താക്കി തന്നെ നിലനിർത്താൻ സിറ്റിക്കു സാധിച്ചിരിക്കുകയാണ്.

ന്യൂകാസിലിനെതിരായി മാഞ്ചസ്റ്റർ യുണൈറ്റഡും മികച്ച വിജയം സ്വന്തമാക്കിയതോടെ പോയിൻ്റ് നഷ്ടപ്പെടുത്താതെ സിറ്റിക്കുള്ള സമ്മർദ്ദം സിലനിർത്താൻ ഒലെക്കും സംഘത്തിനും സാധിച്ചിരിക്കുകയാണ്. സിറ്റിയുടെ ഈ അപരാജിതകുതിപ്പിനെ കാര്യമാക്കുന്നില്ലെന്നാണ് പരിശീലകൻ ഒലെയുടെ പക്ഷം. ഇതിനെ പിന്തുണച്ചു കൊണ്ട് സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡും രംഗത്തെത്തി.

“ഞങ്ങൾക്ക് ഞങ്ങളിൽ തന്നെയാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്. ഒപ്പം ഞങ്ങളുടെ പ്രകടനത്തിലും. ഞങ്ങളുടെ ടീം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നു ഇതിനു മുമ്പും ഞാൻ പറഞ്ഞിട്ടുള്ളതായി എനിക്കു തോന്നുന്നു. ഞങ്ങൾക്ക് ഞങ്ങളിൽ തന്നെ ശ്രദ്ധ പതിപ്പിക്കുകയും ഞങ്ങളുടെ മികവിനെ കാണിച്ചു കൊടുക്കേണ്ടതുമുണ്ട്. അത്യന്തികമായി അതാണ് ഞങ്ങൾക്ക് വിജയം നൽകാൻ പോവുന്നത്. റാഷ്‌ഫോർഡ് പറഞ്ഞു.

റാഷ്‌ഫോർഡിന് പകരക്കാരനായി അരങ്ങേറ്റം കുറിച്ച പതിനേഴുകാരൻ ഷോല ഷോർട്ടയറിനെ അഭിനന്ദിക്കാനും റാഷ്‌ഫോർഡ് മറന്നില്ല. യുണൈറ്റഡിൽ നിരവധി യുവപ്രതിഭകൾ ഉയർന്നു വന്നിട്ടുണ്ടെന്നും അതുപോലെ അവനും മികച്ച പ്രകടനം ഇനിയും ഒരുപാട് മത്സരങ്ങളിൽ കാഴ്ചവെക്കാനാവട്ടെയെന്നും റാഷ്‌ഫോർഡ് അഭിപ്രായപ്പെട്ടു.

You Might Also Like