ക്യാപ്റ്റൻ മഗ്വയറിനോട് വായടച്ചു കളിക്കാൻ ആവശ്യപ്പെട്ട് റാഷ്‌ഫോർഡ്, റാഷ്‌ഫോർഡിന് വിമർശനവുമായി യുണൈറ്റഡ് ഇതിഹാസം

ക്രിസ്റ്റൽപാലസിനെതിരായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടേണ്ടി വന്നിരിക്കുകയാണ് ഒലെ ഗണ്ണാർ സോൽക്ഷേറുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്. ഗോളടി മറന്ന വിരസമായ സമനിലയാണ് യുണൈറ്റഡിനു നേരിടേണ്ടി വന്നിരിക്കുന്നത്. ഇതോടെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള യുണൈറ്റഡിന്റെ പോയിന്റ് വ്യത്യാസം പതിനഞ്ചായി ഉയർന്നിരിക്കുകയാണ്.

ഗോൾ നേടാനാവാത്തതിന്റെ നിരാശ യുണൈറ്റഡിന്റെ ഭാഗത്തു നിന്നും വലിയ തോതിൽ പ്രകടമായിരുന്നു. യുണൈറ്റഡ് താരങ്ങൾ പരസ്പരം വഴക്ക് പറഞ്ഞു അത് കളിക്കളത്തിൽ തന്നെ പ്രകടിപ്പിക്കുകയായിരുന്നു. യുണൈറ്റഡ് മുന്നേറ്റതാരം മാർക്കസ് റാഷ്‌ഫോർഡും പ്രതിരോധതാരവും ക്യാപ്റ്റനുമായ ഹാരി മഗ്വയറുമായുള്ള വാക്കേറ്റമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

രണ്ടാം പകുതിയിലാണ് ഇതിനാധാരമായ സംഭവം നടക്കുന്നത്. ക്രിസ്റ്റൽ പാലസിന്റെ പ്രതിരോധം മറികടക്കാൻ വളരെയധികം ബുദ്ദിമുട്ടുന്ന അവസരത്തിൽ ഒരു മികച്ച മുന്നേറ്റത്തിൽ ഹാരി മഗ്വയർ ഹെഡ് ചെയ്തു നൽകിയ ബോൾ ഓഫ്‌സൈഡിൽ നിന്നുമാണ് മാർക്കസ് റാഷ്‌ഫോർഡ് സ്വീകരിച്ചത്. ഈ അവസരത്തിൽ അക്ഷമനായ മഗ്വയർ റാഷ്ഫോർഡിനോട് കയർക്കുകയായിരുന്നു. എന്താണ് താൻ ചെയ്യേണ്ടതെന്ന അക്ഷമനായ റാഷ്ഫോർഡിന്റെ ചോദ്യത്തിന് ഓൺ സൈഡിൽ നിന്നു കളിക്കൂ ദേഷ്യത്തോടെ മഗ്വയർ മറുപടി നൽകുകയായിരുന്നു.

എന്നാൽ ഹാരി മഗ്വയറിനോട് വായടക്കൂ എന്നാണ് റാഷ്‌ഫോർഡ് മറുപടി നൽകിയത്. റഷ്ഫോർഡിന്റെ പ്രകടനത്തെ വിമർശിച്ച് ഇതിഹാസതാരം ഗാരി നെവിലും രംഗത്തെത്തി. യുണൈറ്റഡ് വളരെ മോശമായിരുന്നുവെന്നും മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും നെവിൽ കുറ്റപ്പെടുത്തി. രണ്ടാം പകുതിയിൽ റാഷ്‌ഫോർഡ് തീരേമോശമായിരുന്നുവെന്നും പന്തു പോലും മര്യാദക്ക് കാലിൽ നിൽക്കാത്ത അവസ്ഥയായിരുന്നു താരത്തിന്റേതെന്നും നെവിൽ വിമർശനമുന്നയിച്ചു. നിലവിൽ സിറ്റിക്കെതിരെ കിരീടത്തിനായി വെല്ലുവിളിയുയർത്താൻ പോലും യുണൈറ്റഡിനു സാധിക്കുന്നില്ലെന്നതാണ് വാസ്തവം.

You Might Also Like