വിമർശകരുടെ വായടപ്പിച്ച് ബാഴ്‌സലോണ ജേഴ്‌സിയിൽ തകർപ്പൻ പ്രകടനം തുടർന്ന് റാഫിന്യ

ലീഡ്‌സ് യുണൈറ്റഡിൽ നിന്നും കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റാഫിന്യ ബാഴ്‌സലോണയിലേക്കെത്തിയപ്പോൾ ആരാധകർക്ക് വളരെയധികം പ്രതീക്ഷകളായിരുന്നു. എന്നാൽ തന്റെ നിലവാരത്തിനനുസരിച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ലോകകപ്പിൽ ബ്രസീൽ ടീമിന് വേണ്ടിയും മോശം പ്രകടനമാണ് റാഫിന്യ നടത്തിയത്. ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്താവുകയും ചെയ്‌തു.

ലോകകപ്പ് കഴിഞ്ഞുള്ള ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിടുമെന്ന അഭ്യൂഹങ്ങളിൽ നിറഞ്ഞു നിന്ന പേര് റാഫിന്യയുടേത് ആയിരുന്നു. ആഴ്‌സണൽ താരത്തിനായി ശ്രമം നടത്തുകയും ചെയ്‌തു. എന്നാൽ റാഫിന്യ ബാഴ്‌സലോണയുടെ ഭാവിയിൽ നിർണായക സാന്നിധ്യമാണെന്നും ക്ലബിൽ തന്നെ തുടരുമെന്നുമാണ് പരിശീലകൻ സാവി അതേപ്പറ്റി പ്രതികരിച്ചത്.

ഇപ്പോൾ ബാഴ്‌സലോണയ്ക്ക് വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ലോകകപ്പിന് ശേഷം പതിയെ മെച്ചപ്പെട്ടു വന്ന താരം 2023ൽ ബാഴ്‌സലോണക്കായി കളിച്ച ലീഗ് മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും നാല് അസിസ്റ്റുമടക്കം എട്ടു ഗോളുകളിൽ പങ്കാളിയായി. സ്‌പാനിഷ്‌ ലീഗിൽ മറ്റൊരു താരത്തിനും 2023ൽ ഇത്രയും ഗോളുകളിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം സെവിയ്യക്കെതിരെ നടന്ന മത്സരത്തിൽ ഒസ്മാനെ ഡെംബലെയുടെ അഭാവത്തിൽ നിറഞ്ഞ പ്രകടനമാണ് റാഫിന്യ നടത്തിയത്. ബാഴ്‌സലോണ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം നേടിയ കളിയിൽ ഒരു ഗോളും ഒരു അസിസ്റ്റും താരത്തിന്റെ വകയായിരുന്നു. റയൽ മാഡ്രിഡ് തോൽവി വഴങ്ങിയതിനു പിന്നാലെ ബാഴ്‌സലോണ നേടിയ വിജയത്തിൽ അവർ എട്ടു പോയിന്റ് മുന്നിലാണ് ലീഗിൽ നിൽക്കുന്നത്.

ഫോം മങ്ങിയതിന്റെ പേരിൽ തനിക്കെതിരെ ഉണ്ടായ വിമർശനങ്ങളും ടീമിൽ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങളും റാഫിന്യക്ക് പുതിയ ഊർജ്ജം നൽകിയെന്നാണ് താരത്തിന്റെ പ്രകടനം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിയാതിരുന്ന ബാഴ്‌സലോണയ്ക്ക് ഇത്തവണ ലീഗ് അടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കി നൽകാൻ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല.

You Might Also Like