ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ മെസിക്കൊപ്പം പിഎസ്‌ജിയിലേക്ക് പോവും, പെരെസിനു മുന്നറിയിപ്പുമായി റാമോസ്

റയൽ മാഡ്രിഡിൽ കരാർ പുതുക്കുന്നതിൽ ഇതു വരെയും ഒത്തു തീർപ്പിലെത്താത്ത രണ്ടു സുപ്രധാന താരങ്ങളാണ് സെർജിയോ റാമോസും  ലൂക്കാസ് വാസ്കസും. നിലവിലെ സാലറിയിൽ രണ്ടു വർഷത്തേക്ക് കൂടി കരാർ പുതുക്കണമെന്നാണ് സെർജിയോ റാമോസിന്റെ ആവശ്യമെങ്കിൽ  ലൂക്കാസ് വാസ്കസിന്റെ കാര്യത്തിൽ സാമാന്യം ഭേദപ്പെട്ട ഓഫർ നൽകിയിട്ടില്ലെന്നതാണ്. രണ്ടു താരങ്ങളുടെയും കരാർ  ഈ സീസൺ അവസാനത്തോടെ അവസാനിക്കാനിരിക്കുകയാണ്

ലൂക്കാ മോഡ്രിച്ചിനു നൽകിയത് വേതനം കുറച്ചു കൊണ്ടുള്ള  ഒരു വർഷത്തേക്ക് കൂടി നീട്ടിയ കരാറാണ് നൽകിയതെങ്കിൽ  റാമോസ് അതിനു തയ്യാറല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടു വർഷത്തേക്ക് കരാർ നൽകാൻ പ്രസിഡന്റ് പെരെസ് തയ്യാറാണെങ്കിലും നിലവിലെ ഒരു സീസണിന്  15 മില്യൺ യൂറോയിൽ നിന്നും പത്തു ശതമാനം വേതനം കുറവുള്ള കരാറാണ് പെരെസ് റാമോസിന് നൽകാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ കരാർ റാമോസ് നിരാകരിച്ചുവെന്നാണ് വിവരം പുറത്തു വരുന്നത്.

കഴിഞ്ഞ ബുധനാഴ്ച നടന്ന എൽച്ചേയുമായുള്ള മത്സരത്തിനു മുന്നോടിയായുള്ള കുറച്ചു സമയം രമോസുമായി പെരെസ് നടത്തിയ സംഭാഷണം സ്പാനിഷ് മാധ്യമപ്രവർത്തകനായ ജോസെപ് പെഡെറോൾ പുറത്തു വിട്ടിരിക്കുകയാണ്. റാമോസ് പെരെസിനോട്: “നിങ്ങൾ മുന്നോട്ടു വെച്ച ഓഫർ ഞാൻ സ്വീകരിക്കുകയില്ല. ഇനി മുതൽ മറ്റു ക്ലബ്ബുകളുടെ ഓഫറുകൾ ഞാൻ പരിഗണിക്കും.”

“പിഎസ്‌ജിയിൽ നിന്നും ഒരാൾ എന്നോട് പറയുകയുണ്ടായി എന്നെയും മെസിയെയും വെച്ച് ശക്തമായ ടീമിനെ അവർ ഒരുക്കുമെന്ന്.” റാമോസ് പറഞ്ഞു. എന്നാൽ പെരെസ് ലളിതമായ മറുപടിയാണ്‌ നൽകിയത്. “നിനക്കൊരു നല്ല ഓഫർ വരികയാണെങ്കിൽ ഞങ്ങൾക്കത് മനസിലാക്കാനാവും.” എന്തായാലും റാമോസിനെയും വാസ്കസിനെയും പെരെസ് നിലനിർത്തുമോയെന്നു കാത്തിരുന്നു കാണേണ്ടി വരും.

You Might Also Like