മെസിയേയും സുവാരസിനേയും അനുകരിക്കാന്‍ ശ്രമിച്ച റാമോസിനും ബെന്‍സിമയ്ക്കും സംഭവിച്ചത്
വിയ്യാറയലുമായി ജയിച്ച് ലാലിഗ കിരീട ജേതാക്കളായെങ്കിലും മത്സരത്തില്‍ റയല്‍ മാഡ്രിഡ് വരുത്തിയത് നിരവധി പിഴവുകളായിരുന്നു. മത്സരത്തില്‍ റയലിനു കിട്ടിയ ഒരു പെനാല്‍റ്റി ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും കരീം ബെന്‍സിമയും വ്യത്യസ്തമായ രീതിയില്‍ വലയിലെത്തിക്കാനുള്ള ശ്രമമാണ് പാളിപോയത്.
വിയ്യാറലിനെതിരെ പെനാല്‍റ്റിയടിക്കാനായി മുന്നോട്ടു വന്ന സെര്‍ജിയോ റാമോസ് വലയിലേക്ക് നേരിട്ട് അടിച്ചുകയറ്റുന്നതിനു പകരം പെനാല്‍റ്റി സ്‌പോട്ടില്‍ നിന്നും ഒരു വശത്തേക്ക് തട്ടിവിടുകയിരുന്നു. പെനാല്‍റ്റി ബോക്‌സിലേക്ക് ഓടികയറിയ കരീം ബെന്‍സിമ അത് ഗോളിലെത്തിച്ചുവെങ്കിലും റഫറി അത് ഗോളായി സ്ഥിരീകരിച്ചില്ല.
റാമോസ് പെനാല്‍റ്റിയെടുക്കുന്നതിനു മുന്‍പ് തന്നെ ബെന്‍സിമ പെനാല്‍റ്റി ബോക്‌സിലേക്ക് ഓടിക്കയറിയതാണ് ഗോള്‍ ആയി കണക്കാക്കാന്‍ സാധിക്കാതെ പോയത്. എന്നാല്‍ റഫറി പെനാല്‍റ്റി വീണ്ടും എടുക്കാന്‍ അനുവദിക്കുകയും കരിം ബെന്‍സിമ മുന്നോട്ട് വന്നു അത് ഗോളിലെത്തിക്കുകയും ചെയ്തു.
തിയറി ഹെന്റിയുടെയും റോബര്‍ട്ട് പിറസിന്റെയും കുപ്രസിദ്ധമായ പെനാല്‍റ്റി തന്ത്രമാണ് ശ്രമിച്ചതെങ്കിലും പരാജയപ്പെടുകയായിരുന്നു. കിക്കെടുക്കുന്നതിനു മുമ്പേ കരിം ബെന്‍സിമ കയറിവന്നില്ലായിരുന്നെങ്കില്‍ അത് ഗോളായി മാറുമായിരുന്നു.
ലാലിഗയില്‍ റാമോസിനും ബെന്‍സിമക്കും മുമ്പേ ലയണല്‍ മെസിയും ലൂയിസ് സുവാരസും പരീക്ഷിച്ചു വിജയം കണ്ട പെനാല്‍റ്റി തന്ത്രമായിരുന്നു ഇത്. എന്നാല്‍ റാമോസിനും ബെന്‍സിമക്കും പിഴവുപറ്റുകയായിരുന്നു. എന്നിരുന്നാലും വീണ്ടുമെടുത്ത പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ റയല്‍ മാഡ്രിഡ് രണ്ടു വര്‍ഷമായി ബാഴ്സക്ക് സ്വന്തമായിരുന്ന ലാലിഗ കിരീടം വീണ്ടെടുകയായിരുന്നു.