റാമോസ് റയൽ മാഡ്രിഡ്‌ വിടുകയാണ്, തീരുമാനത്തിൽ നിന്നും ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് അനുബന്ധവൃത്തങ്ങൾ

റയൽ മാഡ്രിഡിന്റെ നിലവിൽ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് സെർജിയോ റാമോസ്. എന്നാൽ താരം അടുത്ത സീസണിൽ റയൽ മാഡ്രിഡിൽ തുടരുമോയെന്നതാണ് നിലവിൽ റയൽ ആരാധകർ ഉറ്റു നോക്കുന്നത്. റാമോസ് റയൽ മാഡ്രിഡ് വിട്ടാൽ പകരം ആര് എന്ന ചോദ്യവും നിലവിൽ ഉയർന്നു കേൾക്കുന്നുണ്ട്. നിലവിലെ വേതനത്തിൽ പത്തു ശതമാനം വെട്ടിക്കുറച്ചുള്ള രണ്ടു വർഷകരാറാണ് പ്രസിഡന്റായ ഫ്ലോരെന്റിനോ പെരെസ് റാമോസിന് മുന്നിൽ സമർപ്പിച്ചത്.

എന്നാൽ താരം അതിനോട് ഇതുവരെയും ഒരു മൃദുസമീപനമെടുത്തിട്ടില്ല എന്നാണ് അറിയാകുന്നത്. പുതിയ കരാർ നൽകാനുള്ള സാമ്പത്തിക സ്ഥിതി റയലിനില്ല എന്നിരിക്കെ മെച്ചപ്പെട്ട പുതിയ കരാർ നൽകാൻ പെരെസും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഫ്രീ ട്രാൻസ്ഫറിൽ റാമോസ് ക്ലബ്ബ് വിടാനുള്ള സാഹചര്യമാണ് ഉയർന്നു വന്നിരിക്കുന്നത്.

റാമോസ് പുറത്തേക്ക് തന്നെയെന്നു ഉറപ്പിച്ചു പ്രമുഖ സ്പാനിഷ് മാധ്യമപ്രവർത്തകനായ ജോസഫ് പെഡെറോളും രംഗത്തെത്തിയിരിക്കുകയാണ്. പുറത്തേക്കു തന്നെയെന്നു താരം തീരുമാനമെടുത്തുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സ്പാനിഷ് മാധ്യമമായ എൽ ചിരിങ്യുറ്റൊ ടിവിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“റാമോസ് റയൽ മാഡ്രിഡ്‌ വിടുകയാണ്. അവിടെ തന്നെ തുടരാൻ സാധ്യതയുണ്ടെന്നു എന്നു എനിക്ക് തോന്നുന്നില്ല. ഇനിയൊരു തിരിച്ചു പോക്കില്ല. ഈ പരിതസ്ഥിതിയിൽ റയൽ മാഡ്രിഡ്‌ കൂടുതൽ തുക ഓഫർ ചെയ്യില്ല. ഇതൊരു നാണംകെട്ട പരിപാടിയാണ്. റാമോസ് ഒരു ബുദ്ധിമോശമാണ് കാണിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഒന്ന് പരിശ്രമിക്കൂ. പത്തു ശതമാനം കുറവുള്ള ഓഫർ സ്വീകരിച്ച് രണ്ടു വർഷത്തേക്ക് ഒപ്പു വെക്കൂ. സാഹചര്യങ്ങൾക്ക് മാറ്റം വരുമ്പോൾ കരാറും മികച്ചതാക്കും.” പെഡെറോൾ പറഞ്ഞു.

You Might Also Like