സെറ്റിയനെ ബാഴ്‌സ പുറത്താക്കുന്നു, പകരക്കാരൻ സൂപ്പര്‍ കോച്ച്
ചാമ്പ്യൻസ് ലീഗിൽ ബയേണിന്റെ കയ്യിൽ നിന്നും കിട്ടിയ തോൽവിയിൽ അമ്പരന്നു നിൽക്കുകയാണ് ബാഴ്സ. അതേസമയം തോൽവിക്ക് പിന്നാലെ പരിശീലകൻ കീക്കെ സെറ്റിയനെ ബാഴ്സ പുറത്താക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
സെറ്റിയന്റെ പുറത്താക്കൽ ഉടനെ തന്നെ ബാഴ്സ ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നാണ് പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നത്. ലാലിഗയിലെയും ചാമ്പ്യൻസ് ലീഗിലെയും ബാഴ്‌സയുടെ മോശം പ്രകടനമാണ് സെറ്റിയന്റെ തൊപ്പി തെറിക്കാൻ കാരണമായത്. ഇതോടെ ബാഴ്സലോണ എല്ലാ ടൂർണമെന്റിൽ നിന്നും ഒരു ട്രോഫി പോലും നേടാതെ ഈ സീസൺ അവസാനിപ്പിച്ചിരിക്കുകയാണ്.
സെറ്റിയനെ പുറത്താക്കുമെന്ന് പ്രസിഡന്റ് ബർതോമ്യുവും സൂചന നൽകിയിട്ടുണ്ട്. ക്ലബിൽ വലിയ മാറ്റങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവും എന്നാണ് ബർതോമ്യു പ്രഖ്യാപിച്ചത്. അതേസമയം പുതിയ പരിശീലകനായി ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേര് മുൻ ടോട്ടൻഹാം പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയുടേതാണ്. കഴിഞ്ഞ വർഷം ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ അതികം വൈകാതെ ക്ലബ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
ഇതോടെ നിലവിൽ അദ്ദേഹം ഫ്രീ ഏജന്റ് ആണ്. മുൻപ് സാറിക്ക് പകരം പോച്ചെട്ടിനോയെ യുവന്റസ് പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അവർ തീരുമാനം മാറ്റി പിർലോയെ നിയമിക്കുകയായിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഉടൻ തന്നെ ബർതോമ്യു പോച്ചെട്ടിനോയുമായി ചർച്ചകൾ ആരംഭിക്കും. നിലവിൽ ബാഴ്സ പരിശീലകസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് ഇദ്ദേഹത്തിനാണ്.