കുങ്‌ഫു ഗോളുമായി ഫ്രഞ്ച് താരം, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പിഎസ്‌ജിയുടെ രണ്ടാം തോൽവിയും മത്സരത്തിൽ വിവാദപരമായ നെയ്മറുടെ മാഴ്സെ താരം അൽവാരോക്കെതിരെയുള്ള വംശീയാധിക്ഷേപാരോപണവും വാർത്തയായപ്പോൾ ഫ്രഞ്ച് ലീഗിലെ തന്നെ മറ്റൊരു മത്സരത്തിലെ ഒരു മികച്ച ഗോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഫ്രഞ്ച് ലീഗിൽ ബ്രെസ്റ്റ് താരം ഡിജോണിനെതിരെയുള്ള മത്സരത്തിൽ നേടിയ അവിശ്വസനീയഗോളിനെപ്പറ്റിയാണ് ഇപ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്.

ഫ്രഞ്ച് താരമായ ഇർവിൻ കർഡോണ നേടിയ അക്രോബാറ്റിക് ഗോളാണ് നെയ്മറിന്റെ വിവാദങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 95-ാം മിനുട്ടിൽ കർഡോണ നേടിയ രണ്ടാമത്തെ ഗോളിലൂടെ ഡിജോണെ തോൽപ്പിച്ചു ലീഗിലെ തങ്ങളുടെ ആദ്യവിജയം നേടുകയായിരുന്നു ബ്രെസ്റ്റ്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിലാണ് ഈ അവിശ്വസനീയഗോൾ നേടിയതെന്നതും അതിനെ വ്യത്യസ്തമാക്കുന്നു.

മികച്ചൊരു മുന്നേറ്റവുമായി ഇടതുവിങ്ങിലൂടെ വന്ന റോമൻ പെറോഡിന്റെ മികച്ചൊരു ക്രോസ്സിനെ ഒരു കുങ്‌ഫു പോരാളിയുടെ മെയ്‌വഴക്കത്തോടെ ചാടിയുയർന്നെടുത്ത ഷോട്ട് ഗോൾകീപ്പറെ നിഷ്പ്രഭമാക്കി പോസ്റ്റിന്റെ വലതുമൂലയിലൂടെ ഗോൾവലയിലെത്തുകയായിരുന്നു. അത്രക്കും മികവുറ്റ അക്രോബാറ്റിക് വോളിയായിരുന്നു കർഡോണ അടിച്ചു കയറ്റിയത്.

വായുവിൽ കുറച്ചു സമയം ചാടിനിന്നുകൊണ്ട് മികച്ച മെയ്‌വഴക്കത്തോടെ നേടിയതിനാലാണ് ആ ഗോൾ ഇത്രയും അവിശ്വനീയമായത്. സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ പ്രശസ്തമായ അക്രോബാറ്റിക് ഗോളിനോടു കിടപിടിക്കുന്ന ഗോൾ തന്നെയാണ് ഇർവിൻ കാർഡോണയുടേതും. എന്തായാലും ഈ വർഷത്തെ പുഷ്കാസ് അവാർഡിന് മികച്ച മത്സരവുമായി ബ്രെസ്റ്റിന്റെ ഇർവിൻ കർഡോണയുടെ ഗോളുമുണ്ടാവുമെന്നതിൽ ഒരു സംശയവുമില്ല.

You Might Also Like