നാലുഗോളിന്റെ വിജയത്തിനു പിറകെ പരിശീലകനെ പുറത്താക്കി പിഎസ്‌ജി

സ്ട്രാസ്‌ബർഗുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയെങ്കിലും പിഎസ്‌ജി തങ്ങളുടെ നിലവിലെ പരിശീലകൻ തോമസ് ടൂഹലിനെ പുറത്താക്കിയിരിക്കുകയാണ്. പിഎസ്‌ജിയെ ചാമ്പ്യൻസ്‌ലീഗ് ഫൈനലിലെത്തിച്ചതിനു ശേഷം നാലു മാസത്തിനുള്ളിൽ തന്നെ ടൂഹലിനെ ആ സ്ഥാനത്തു നിന്നും പുറത്താക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

ജർമൻ മാധ്യമമാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടിരിക്കുന്നത്. ജർമൻ മാധ്യമമായ സ്കൈ ജർമനിയാണ് ഈ ന്യൂസ്‌ പുറത്തു വിട്ടിരിക്കുന്നത്. പകരക്കാരനായി ടോട്ടനം ഹോട്ട്സ്പറിന്റെ മുൻ അർജന്റൈൻ പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയെയാണ് പിഎസ്‌ജി പരിഗണിക്കുന്നതെന്നും ജർമനിയിൽ നിന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള പിഎസ്‌ജിക്ക് ഒന്നാം സ്ഥാനത്തുള്ള ലില്ലെക്കെതിരെ അടുത്തിടെ സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. പിന്നീട് സ്ട്രാസ്‌ബർഗിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും പിഎസ്‌ജി അതിൽ തൃപ്തരല്ലായിരുന്നു. ടൂഹലിന്റെ പരിശീലനത്തിൽ താരങ്ങളും തൃപ്തരല്ലെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ പിഎസ്‌ജി പരിശീലകനായ താൻ ഒരു രാഷ്ട്രീയക്കാരനെ പോലെ അനുഭവപ്പെട്ടിരുന്നുവെന്ന ടൂഹലിന്റെ പ്രസ്താവനയും അധികൃതരെ ചൊടിപ്പിച്ചിരുന്നു.

ക്ലബ്ബുകളൊന്നുമില്ലാതെ വെറുതെറിയിരിക്കുന്ന പൊച്ചെട്ടിനോക്കൊപ്പം മുൻ യുവന്റസ് പരിശീലകനായ മാക്സിമിലിയാനോ അല്ലെഗ്രിയേയും പിഎസ്‌ജി നോട്ടമിട്ടിട്ടുണ്ട്. എന്തായാലും മുൻ പിഎസ്‌ജി താരമായിരുന്ന പൊച്ചെട്ടിനോക്ക്‌ തന്നെയാണ് കൂടുതൽ സാധ്യത കാണുന്നത്. അധികം വൈകാതെ തന്നെ പുതിയ പരിശീലകനെ പിഎസ്‌ജി പ്രഖ്യാപിക്കുമെന്നാണ് അഭ്യൂഹങ്ങൾ.

You Might Also Like