നെയ്മറും എംബാപ്പേയും എങ്ങോട്ടുമില്ല, പ്രശംസകൾ കൊണ്ട് മൂടി പിഎസ്‌ജി പ്രസിഡന്റ്
ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും അറ്റലാന്റക്കെതിരെ കളംനിറഞ്ഞു കളിച്ച നെയ്മർ തന്നെയായിരുന്നു പിഎസ്‌ജിയുടെ വിജയശില്പി. ആദ്യപകുതിയിൽ ഏറെക്കുറെ ഒറ്റക്ക് ആക്രമണത്തിന് നേതൃത്വം നൽകിയ നെയ്മർക്കൊപ്പം എംബാപ്പെ കൂടി കളത്തിലിറങ്ങിയതോടെ പിഎസ്‌ജിക്ക് ഗുണമാവുകയായിരുന്നു. കൂട്ടിന് ചുപേ മോട്ടിങ് കൂടിയെത്തിയതോടെ രണ്ട് ഗോൾ അടിച്ചു കയറ്റി പിഎസ്ജിയെ സെമി ഫൈനലിലെത്തിക്കുകയായിരുന്നു.
1995 ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിയ ക്ലബിനൊപ്പം സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പ്രസിഡന്റ് നാസർ അൽ ഖലൈഫി. നെയ്മറാണ് ഇരുടീമുകൾ തമ്മിലുള്ള വിത്യാസമായി മാറിയതെന്നും വളരെയധികം പ്രത്യേകതയുള്ള താരമാണ് നെയ്മറെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇരുവരെയും വിൽക്കാൻ തനിക്ക് ഉദ്ദേശമില്ലെന്നും ഇരുവരും ടീമിനൊപ്പം തന്നെ തുടരുമെന്നും അദ്ദേഹം ഉറപ്പിച്ചിരിക്കുകയാണ്.
” നെയ്മറും എംബാപ്പെയും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. മത്സരത്തിലെ മികച്ച താരമാവാൻ നെയ്മർക്ക് സാധിച്ചു. ഇത് അദ്ദേഹത്തിന്റെ വളരെ മികച്ച മത്സരമായിരുന്നു. നെയ്മറാണ് ടീമിൽ വളരെ വലിയ വിത്യാസങ്ങൾ കൊണ്ട് വന്നത്. എനിക്ക് അദ്ദേഹവും ഈ ദിവസവും വളരെയധികം പ്രിയപ്പെട്ടതാണ്.”
“തീർച്ചയായും അവർ പിഎസ്ജിയിൽ തുടരണം എന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങൾ ഇരുവരെയും വിൽക്കാനുദ്ദേശിക്കുന്നില്ല. അവർ ഇവിടെ തന്നെ തുടരുമെന്ന കാര്യം എനിക്കുറപ്പാണ്. ” നാസർ ഖലൈഫി ആർഎംസി സ്പോർട്ടിനോട് പറഞ്ഞു. നെയ്മർ ബാഴ്സയിലേക്കും എംബാപ്പെ റയലിലേക്കും പോവും എന്ന അഭ്യൂഹങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.