പിഎസ്‌ജിക്ക് രണ്ടാം തോൽവി, മാഴ്സെ താരത്തിനെതിരെ വംശീയാധിക്ഷേപാരോപണവുമായി നെയ്മർ

Image 3
FeaturedFootballLeague 1

ലീഗ് വണ്ണിൽ ഇന്നലെ നടന്ന രണ്ടാം ലീഗ്‌ മത്സരത്തിൽ കരുത്തരായ പിഎസ്ജി തോൽവിയേറ്റുവാങ്ങിയിരിക്കുകയാണ്‌. ചിരവൈരികളായ മാഴ്സെയോടാണ് പിഎസ്ജി മറുപടിയില്ലാത്ത ഒരു ഗോളിനു തോൽവി രുചിച്ചത്. ലീഗ് വണ്ണിൽ പിഎസ്ജി വഴങ്ങുന്ന തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ലെൻസിനോടും മറുപടിയില്ലാത്ത ഒരു ഗോളിന് പിഎസ്ജി അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു.

തോൽവിയോടെ പിഎസ്ജി അവസാനസ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.എന്നാൽ മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ നാടകീയസംഭവങ്ങൾക്കാണ് ഫുട്ബോൾ ലോകം സാക്ഷിയായത്. കളത്തിൽ താരങ്ങൾ തമ്മിൽ പരസ്പരം സംഘർഷത്തിനുശേഷം അടിപിടിയിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് അഞ്ച് റെഡ് കാർഡുകളും പതിനാലു യെല്ലോ കാർഡുകളുമാണ് റഫറിക്ക് കാണിക്കേണ്ടിവന്നത്.

https://twitter.com/AFC_Sakanelli/status/1305282918806294528?s=19

സൂപ്പർ താരം നെയ്മർ ജൂനിയർ, പരേഡസ്, കുർസാവ എന്നീ താരങ്ങൾക്കും മാഴ്സെ താരങ്ങളായ അമാവി, ബെനഡെറ്റൊ എന്നീ താരങ്ങൾക്കുമാണ് റെഡ് കാർഡ് കാണേണ്ടി വന്നത്. മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടിൽ തോവിൻ നേടിയ ഗോളിലാണ് മാഴ്സെ ജയം കണ്ടെത്തിയത്.
എന്നാൽ ഈ സംഭവം വൻവിവാദങ്ങളിലേക്കാണ് ചുവടുവെച്ചിരിക്കുന്നത്.

മത്സരത്തിന് ശേഷം നെയ്മർ ജൂനിയർ വംശീയാധിക്ഷേപ ആരോപണവുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. മാഴ്സെ താരമായ അൽവാരോ ഗോൺസാലസ് തന്നെ കുരങ്ങൻ എന്ന് വിളിച്ചു എന്നാണ് നെയ്മറുടെ ആരോപണം. അവന്റെ മുഖത്തടിക്കാത്തതിൽ മാത്രമാണ് തനിക്കിപ്പോൾ സങ്കടം എന്നാണ് നെയ്മറുടെ പക്ഷം. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് നെയ്മർ തനിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്ന കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്.
ഈ ആരോപണം ഗൗരവമായി തന്നെ അന്വേഷിക്കുമെന്ന് ഫ്രഞ്ച് ലീഗ് അധികൃതർ അറിയിച്ചിട്ടുണ്ട്.