നെയ്മർ ബാഴ്സയിലേക്ക്! അനുമതി നൽകി പിഎസ്ജി
ഒടുവില്‍ ബാഴ്‌സ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഫ്രാന്‍സില്‍ നിന്നും
പുറത്ത് വരുന്നത്. അടുത്ത സീസണില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടാന്‍ നെയ്മര്‍ ജൂനിയറിന് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പിഎസ്ജി ക്ലബ്ബ് അധികൃതരും നെയ്മര്‍ ജൂനിയറും തമ്മില്‍ ധാരണയിലെത്തിയെന്നാണ് സ്പാനിഷ് മാധ്യമമായ എഎസ് പുറത്തുവിട്ടത്.
അടുത്ത സീസണില്‍ ബാഴ്‌സയിലേക്ക് 170 മില്യന്‍ യൂറോക്ക് പിഎസ് ജി വിടാമെന്നാണ് വാഗ്ദാനം. കഴിഞ്ഞ സീസണില്‍ നെയ്മറെ ബാഴ്‌സ തട്ടകത്തിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും നടന്നിരുന്നില്ല. ഒടുവില്‍ ചില വ്യവസ്ഥകള്‍ വെച്ചാണ് നെയ്മറും പിഎസ്ജിയും വഴിപരിയാന്‍ സമ്മതിച്ചിരിക്കുന്നത്.
ഈ സീസണില്‍ ക്ലബ്ബിനു വേണ്ടി ആത്മാര്‍ത്ഥമായും കൂടുതല്‍ പ്രതിജ്ഞാബദ്ധനായി കളിച്ചെങ്കില്‍ നെയ്മര്‍ക്ക് അടുത്ത സീസണ്‍ ക്ലബ്ബ് വിടാമെന്നാണ് ബ്രസീല്‍ താരവും പിഎസ്ജിയും തമ്മില്‍ ഉടമ്പടിയായിരിക്കുന്നത്.
ഫ്രഞ്ച് ലീഗ് ഉപേക്ഷിച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗിനു വേണ്ടി തയ്യാറെടുക്കുന്ന പി എസ്ജി ക്ക് വേണ്ടി 22 കളികളില്‍ നിന്ന് 18 ഗോളുകളും 10 അസിസ്റ്റുകളും ഇതിനോടകം നെയ്മര്‍ നേടിയിരുന്നു. എഡിസണ്‍ കവാനിക്കൊപ്പം സൂപ്പര്‍ താരങ്ങളായ നെയ്മര്‍ അല്ലെങ്കില്‍ കിലിയന്‍ എമ്പാപ്പെ എന്നിവരിലൊരാള്‍ പി എസ് ജി വിടുമെന്ന് മാസങ്ങള്‍ക്ക് മുമ്പേ അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതെസമയം നെയ്മര്‍ ബാഴ്‌സയിലെത്തുകയാണെങ്കില്‍ കൈമാറ്റകരാര്‍ നടപ്പാക്കാനാകും ബാഴ്‌സ ശ്രമിക്കുക. ഗ്രീസ്മാന്‍ അല്ലെങ്കില്‍ ഉസ്മാന്‍ ഡെമ്പലെ ഇവരിലൊരാളെ വിട്ടുകൊടുത്താകും ബാര്‍സ നെയ്മറെ തിരികെയെത്തിക്കാന്‍ ശ്രമിക്കുക. നെയ്മര്‍ തിരിച്ചു വരുന്നതില്‍ ഒരു വിഭാഗം ആരാധകര്‍ക്കും താരങ്ങള്‍ക്കും എതിര്‍പ്പുണ്ടെങ്കിലും ചാമ്പ്യന്‍സ് ലീഗിലെ പ്രകടനവും ലാലിഗയിലെ ഇപ്പോഴത്തെ മോശം പ്രകടനവും ഭാവിയില്‍ അവരെ മാറ്റി ചിന്തിപ്പിക്കുമെന്നാണ് കരുതുന്നത്.