പാർക്ക് ഡി പ്രിൻസസിൽ അവസാനമത്സരം കളിച്ചു, സില്‍വ പിഎസ്ജിയില്‍ നിന്നും പടിയിറങ്ങുന്നു
കഴിഞ്ഞ എട്ട് വർഷമായി പിഎസ്ജിയുടെ പ്രതിരോധനിരയിൽ കരുത്തുറ്റ ഭടനായി നിലകൊണ്ട തിയാഗോ സിൽവ സ്വന്തം തട്ടകത്തിന്റെ പടികളിറങ്ങി. പിഎസ്ജിയുടെ ഹോംഗ്രൗണ്ടായ പാർക്ക് ഡി പ്രിൻസസിൽ ഇന്നലെ സെൽറ്റിക്കിനെതിരായിരുന്നു സിൽവയുടെ അവസാനമത്സരം. ഈ സീസണിൽ ഇനിയും മത്സരങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും അതൊന്നും സ്വന്തം തട്ടകത്തിലല്ല നടക്കാനിരിക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് സെൽറ്റിക്കിനെ പിഎസ്ജി തകർത്തിരുന്നു. ആദ്യപകുതിയിൽ സിൽവ കളിക്കുകയും ചെയ്തു. അർഹിച്ച ആരവങ്ങൾ ഒന്നും തന്നെ സിൽവക്ക് പടിയിറക്കത്തിന് കിട്ടിയിട്ടില്ലെങ്കിലും ഉണ്ടായിരുന്ന കാണികൾ കഴിയും വിധം യാത്രയപ്പ് നൽകി. അയ്യായിരത്തോളം വരുന്ന കാണികൾ അദ്ദേഹത്തിന്റെ പേര് സ്തുതിപാടിയാണ് യാത്രയപ്പ് നൽകിയത്.
2012-ൽ എസി മിലാനിൽ നിന്നായിരുന്നു താരം പിഎസ്ജിയിലേക്ക് എത്തുന്നത്. അന്ന് തൊട്ട് ഇതുവരെ പിഎസ്ജിയുടെ വിശ്വസ്തകാവൽഭടനായി സിൽവ നിലകൊണ്ടു. ബ്രസീലിനും പിഎസ്‌ജിക്കും വേണ്ടിയുള്ള പ്രകടനങ്ങൾ വിലയിരുത്തിയാൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡർമാരിലൊരാൾ സിൽവയാണെന്ന് നിസ്സംശയം പറയാൻ കഴിയും. ഇന്ന് മുപ്പത്തിയഞ്ചാം വയസ്സിൽ പടിയിറങ്ങുമ്പോഴും താരത്തിന്റെ പ്രതിഭക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല.
എന്നാൽ താരത്തെ കയ്യൊഴിയുകയാണെന്ന് മുമ്പ് തന്നെ പിഎസ്ജി അറിയിച്ചിരുന്നു. തുടർന്ന് ചാമ്പ്യൻസ് ലീഗ് അവസാനം വരെ കളിക്കാൻ വേണ്ടി താൽകാലിക കരാർ പുതുക്കുകയും ചെയ്തിരുന്നു.
ഏതായാലും പിഎസ്ജിക്ക് മുന്നിൽ ഉള്ളത് ഇനി മൂന്ന് കിരീടങ്ങൾ ആണ്. രണ്ട് പ്രാദേശികകിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും. ഇവയൊക്കെ നേടി സിൽവയെ അദ്ദേഹം അർഹിക്കുന്ന രീതിയിൽ യാത്രയാക്കാനായിരിക്കും പിഎസ്ജി ശ്രമിക്കുക. അതേ സമയം താരം ആഴ്‌സണലിലേക്ക് കൂടുമാറുമെന്ന ശക്തമായ അഭ്യൂഹങ്ങൾ ഉണ്ട്.