അടിതെറ്റാതെ വമ്പന്‍മാര്‍; ആവശപോരാട്ടത്തോടെ പ്രീമിയര്‍ലീഗ് റിട്ടേണ്‍സ്

ലോകകപ്പ് ഇടവേളകഴിഞ്ഞ് പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ വമ്പന്‍ക്ലബുകള്‍ക്ക് വിജയതുടക്കം. നിലവില്‍ പോയന്റ് ടേബിളില്‍ ഒന്നാംസ്ഥാനക്കാരായ ആഴ്‌സനല്‍ വെ്‌സ്റ്റ്ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും ലിവര്‍പൂള്‍ ഇതേ സ്‌കോറിന് ആസ്റ്റണ്‍ വില്ലയേയും കീഴടക്കി.

ഒന്നാംസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് നയം വ്യക്തമാക്കിയ ഗണ്ണേഴ്‌സ് ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമാണ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. 53ാം മിനുറ്റില്‍ ബുക്കായ സാക്കയും 58ാം മിനുറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും 69ാം മിനുറ്റില്‍ എഡ്ഡീ നെക്കേത്തിയായും ലക്ഷ്യം കണ്ടു. പെനാല്‍റ്റിയിലൂടെ സൈദ് ബെന്‍ റഹ്മയാണ് വെസ്റ്റ്ഹാമിന്റെ ആശ്വാസഗോള്‍ നേടിയത്.


ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആസ്റ്റണ്‍ വില്ലയെ തോല്‍പിച്ചത്. സൂപ്പര്‍താരം മുഹമ്മദ് സലയിലൂടെ അഞ്ചാം മിറ്റില്‍ മുന്നിലെത്തി. 37ാം മിനിറ്റില്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡൈക്കും 81ാം മിനുറ്റില്‍ സ്‌റ്റെഫാനും ഗോള്‍ആഘോഷിച്ചു. 59ാം മിനുറ്റില്‍ ഓല്ലീ വാറ്റ്കിന്‍സിന്റെ വകയായിരുന്നു ആസ്റ്റണിന്റെ ഏക ഗോള്‍.

മത്സരത്തിലുടനീളം ലിവര്‍പൂളിനെ നിരന്തരം വിറപ്പിച്ച ആസ്റ്റണ്‍വില്ല ഫിനിഷിംഗിലെ പോരായ്മയാണ് തിരിച്ചടിയായത്. മറുവശത്ത് കൗണ്ടര്‍ അറ്റാക്കിംഗിലൂടെ ലിവര്‍ എതിര്‍ഗോള്‍മുഖത്ത് നിരന്തരം ഭീഷണിസൃഷ്ടിച്ചു. 15 കളിയില്‍ 25 പോയിന്റുമായി ആറാം സ്ഥാനക്കാരാണ് ലിവര്‍പൂള്‍.

മറ്റുമത്സരത്തില്‍ ടോട്ടനത്തെ ബ്രെന്റ്‌ഫോര്‍ഡ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ നേടി. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ടോട്ടനം സമനില പിടിച്ചത്. ലീഗില്‍ 30 പോയിന്റുമായി ടോട്ടനം നാലാം സ്ഥാനത്താണ്. മറ്റ് മത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ന്യൂകാസില്‍ യുണൈറ്റഡ് ലീഗില്‍ സിറ്റിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. എവര്‍ട്ടനെ വോള്‍വ്‌സും(2-1) ക്രിസ്റ്റല്‍പാലസിനെ ഫുള്‍ഹാമും(3-0) സതാംപ്റ്റണെ െ്രെബറ്റനും(3-1) തോല്‍പ്പിച്ചു.

You Might Also Like