ആദ്യ മത്സരത്തിനു മുൻപ് തന്നെ സൂപ്പർതാരത്തിന് കോവിഡ് സ്ഥിരീകരിച്ചു, യൂറോ കപ്പിൽ പോർചുഗലിനു വൻ തിരിച്ചടി

യൂറോ കപ്പിൽ ഹംഗറിക്കെതിരായ ആദ്യമത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ പോർച്ചുഗൽ. ജൂൺ 15നു നടക്കാനിരിക്കുന്ന മത്സരത്തിനു തങ്ങളുടെ സൂപ്പർതാരത്തിനു കളിക്കാൻ സാധിക്കാതെ പോയത് പോർച്ചുഗലിനു തിരിച്ചടിയായിരിക്കുകയാണ്.

പോർച്ചുഗീസ് വലതു വിങ്ബാക്കായ ജാവോ ക്യാൻസലോയെയാണ് കോവിഡ് സ്ഥിരീകരിച്ചതിനാൽ പോർച്ചുഗൽ സ്‌ക്വാഡിൽ നിന്നും പുറത്തായിരിക്കുന്നത്. ക്ലബ്ബ് തലത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി മികച്ച പ്രകടനം തുടർന്ന താരം കഴിഞ്ഞ സൗഹൃദമത്സരത്തിൽ ഇസ്രായേലിനെതിരെ ഗോളും കണ്ടെത്തിയിരുന്നു.

മത്സരത്തിനു മുന്നോടിയായി നടന്ന ആന്റിജൻ ടെസ്റ്റിലാണ് ക്യാൻസലോക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് ഹംഗേറിയൻ ഹെൽത്ത് അതോറിറ്റി അറിയിക്കുകയായിരുന്നു. മറ്റു താരങ്ങളുടെയെല്ലാം ടെസ്റ്റ്‌ ഫലം നെഗറ്റീവ് ആയി. ക്യാൻസലൊക്ക് പകരക്കാരനെയും പോർച്ചുഗീസ് എഫ്എ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അണ്ടർ 21 യൂറോയിൽ മികച്ച പ്രകടനം നടത്തിയ എസിമിലാൻ താരം ഡിയോഗോ ഡാലോട്ടീനെയാണ് പോർച്ചുഗൽ സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തിയത്. കോവിഡ് ബാധിച്ച ക്യാൻസലൊയെ പത്തു ദിവസത്തെ ഐസൊലേഷനായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി പോർച്ചുഗീസ് ഇതിവൃത്തങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

You Might Also Like