എനിക്ക് തളർച്ചയും ശ്വാസം മുട്ടുന്നതായും അനുഭവപ്പെട്ടു, കോവിഡിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പോഗ്ബ പറയുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മോശം ഫോം കാരണം വിഷമിക്കുന്ന സൂപ്പർതാരമാണ് പോൾ പോഗ്ബ. കോവിഡ് പിടിപെട്ടതിനു ശേഷം മാഞ്ചസ്റ്റർ യൂണൈറ്റഡിനു വേണ്ടി കളിച്ച ടോട്ടനത്തിനെതിരായ മത്സരത്തിൽ ആറു ഗോളിന്റെ ദയനീയ തോൽവി രുചിച്ചതിനു ശേഷം താരത്തിനു പ്രീമിയർ ലീഗിൽ  ആകെ ഒരു മത്സരത്തിൽ മാത്രമാണ് ഒലെയുടെ ടീമിൽ കളിക്കാനായത്.  എന്നാൽ അതിനു ശേഷം ഇന്നലെ നടന്ന  വെസ്റ്റ്ഹാമിനെതിരായ മത്സരത്തിൽ താരം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

മത്സരത്തിൽ  ഒരു ഗോളിനു പിന്നിലായിരുന്ന യുണൈറ്റഡ് പോഗ്ബയുടെ ലോങ്ങ്‌ റേഞ്ച് ഗോളടക്കം മൂന്നു ഗോളിന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഫോമിലേക്ക് തിരിച്ചു വന്ന മത്സരശേഷം കോവിഡ് ഏതെങ്കിലും രീതിയിൽ താരത്തെ പ്രതികൂലമായി ബാധിച്ചിരുന്നുവോയെന്ന ചോദ്യത്തിന് പോഗ്ബ വികാരഭരിതനായാണ് മറുപടി നൽകിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീവിക്കു നൽകിയ അഭിമുഖത്തിലാണ് താരം പ്രതികരണമറിയിച്ചത്.

“അത് വളരെ വിചിത്രമായ അവസ്ഥയായിരുന്നു. വിശദീകരിക്കാൻ ബുദ്ദിമുട്ടുണ്ട്, കാരണം നിങ്ങൾക്കത് പറഞ്ഞാൽ മനസിലാവില്ല. പരിശീലനസമയത്തു പോലും എനിക്കു വിചിത്രമായി തോന്നുന്നുവെന്നു ഞാൻ പരിശീലകനോട് പറഞ്ഞു. ഇതു പഴയ ഞാനല്ല എന്ന് വരെ എനിക്ക് തോന്നി. ഞാൻ വളരെ പെട്ടെന്നു തന്നെ ക്ഷീണിതനായി അനുഭവപ്പെട്ടു. വളരെ പെട്ടെന്നു തന്നെ ശ്വാസം നിലക്കുന്നതായി അനുഭവപ്പെട്ടു.”

“സീസണിലെ ആദ്യ മത്സരത്തിൽ എനിക്ക് ഓടാൻ തന്നെ കഴിഞ്ഞില്ല. ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ചു ഞാൻ മാനേജറുമായി സംസാരിക്കുകയുണ്ടായി. മത്സരത്തിൽ നിന്നെ സ്റ്റാർട്ട് ചെയ്യിച്ചതിനു ശേഷം നമുക്ക് നോക്കാമെന്നു അദ്ദേഹം പറഞ്ഞു. പക്ഷെ അപ്പോഴും എന്റെ ശ്വാസം നിലക്കുന്നതായി അനുഭവപ്പെട്ടു. കായികക്ഷമത വീണ്ടെടുക്കാനും ശാരീരികമായി മികച്ച അവസ്ഥയിലെത്താൻ വളരെ കാലം എനിക്കു ആവശ്യമായി വന്നു. ഇപ്പോൾ ടീമിലേക്ക് തിരിച്ചെത്താനും ടീമിന്റെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കാനായി ഗോൾ നേടാനും കഴിഞ്ഞത് നല്ല കാര്യമാണ്. അതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്. ” പോഗ്ബ പറഞ്ഞു.

You Might Also Like