ബാഴ്സക്കെതിരെ നെയ്മറെ ഇറക്കി റിസ്ക് എടുക്കില്ല, താരത്തിന്റെ സൗഖ്യമാണ് പ്രധാനമെന്നു പൊചെട്ടിനോ

പരിക്കു മൂലം ബാഴ്സക്കെതിരായ ചാമ്പ്യൻസ്‌ലീഗ് പ്രീക്വാർട്ടർ ആദ്യപാദമത്സരത്തിൽ നെയ്മർ ജൂനിയറിനു കളിക്കാൻ സാധിച്ചില്ലെങ്കിലും പിഎസ്‌ജിക്ക് മികച്ച വിജയം നേടാൻ സാധിച്ചിരുന്നു. കിലിയൻ എംബാപ്പെയുടെ ഹാട്രിക് പ്രകടനമാണ് പിഎസ്ജിക്ക് മികച്ച വിജയം സമ്മാനിച്ചത്. ആദ്യ പാദം നഷ്ടമായെങ്കിലും രണ്ടാം പാദത്തിൽ പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്താനാവുമെന്നാണ് നെയ്മർ പ്രതീക്ഷിക്കുന്നത്.

എന്നാൽ പരിശീലകനായ പൊച്ചെട്ടിനോക്ക് നെയ്മറെ കളത്തിലിറക്കാൻ യാതൊരു ധൃതിയുമില്ല. നെയ്മറെ മാർച്ച് പത്തിന് നടക്കാനിരിക്കുന്ന രണ്ടാം പാദത്തിൽ കളിപ്പിച്ച് റിസ്കെടുക്കാൻ തയ്യാറല്ലെന്നാണ് പൊച്ചെട്ടിനോയുടെ പക്ഷം. നാളെ നടക്കുന്ന ലീഗ് മത്സരത്തിനു മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൊച്ചെട്ടിനോ.

ബാഴ്സക്കെതിരായ രണ്ടാം പാദ മത്സരത്തിൽ നെയ്മർ ഇറങ്ങുമോയെന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു പൊച്ചെട്ടിനോ: “നെയ്മറുടെ തിരിച്ചുവരവ് ഞങ്ങളുടെ മെഡിക്കൽ ടീമിൻ്റെ കയ്യിലാണുള്ളത്. താരത്തിന്റെ സൗഖ്യം മാത്രമാണ് ഇപ്പോൾ ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത്.”

അടുത്ത മത്സരങ്ങൾക്കായുള്ള താരങ്ങളുടെ തയ്യാറെടുപ്പിനെക്കുറിച്ചും പൊച്ചെട്ടിനോ വ്യക്തമാക്കി.
“ഞങ്ങളുടെ വരവിനു ശേഷം പ്രധാനമായും നോക്കിയത് മാനസികമായ തയ്യാറെടുപ്പായിരുന്നു. എല്ലാ മത്സരങ്ങളും അവസാന മത്സരം പോലെയാണ് കണക്കിലെടുത്തിരുന്നത്. നാളത്തേത് ഞങ്ങളേക്കാൾ വെറും 5 പോയൻ്റ് മാത്രം പിറകിലുള്ള ടീമിനോടാണ്. ബാഴ്സലോണക്കെതിരെ കളിച്ചതുപോലെ മൊണാകോ ക്കെതിരെയും മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ” പൊച്ചെട്ടിനോ പറഞ്ഞു.

You Might Also Like