യുവന്റസ് പരിശീലകനായി പിർലോ, പ്രീമിയർ ലീഗ് ക്ലബുകളെ തഴഞ്ഞുവെന്ന് ഇറ്റാലിയൻ ഇതിഹാസം

യുവന്റസിന്റെ U23 ടീമിന്റെ പരിശീലകനാവാൻ പ്രീമിയർ ലീഗ് ക്ലബുകളുടെയും സീരി എ ക്ലബുകളുടെയും ഓഫറുകൾ തഴഞ്ഞുവെന്ന് ഇറ്റലിയുടെ ഇതിഹാസ താരമായ ആന്ദ്രേ പിർലോ. വ്യാഴാഴ്ചയാണ് യുവന്റസിൽ പിർലോ പുതിയ ചുമതല ഏറ്റെടുത്തത്. റിസർവ് ടീമിന്റെ പരിശീലകനായ ഫാബിയോ പെക്കിയ ടീം വിട്ട ഒഴിവിലേക്കാണ് പിർലോ നിയമിക്കപ്പെട്ടത്. അതിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം തനിക്കു വന്ന ഓഫറുകളെക്കുറിച്ചു പറഞ്ഞത്.

“നിരവധി പരിശീലകർക്കു കീഴിൽ കളിച്ച് നിരവധി കാര്യങ്ങൾ ഞാൻ മനസിലാക്കിയിട്ടുണ്ട്‌. കാർലോ ആൻസലോട്ടി, മാഴ്സലോ ലിപ്പി, അന്റോണിയോ കോണ്ടെ എന്നിവരെല്ലാം അതിലുൾപ്പെടുന്നു. എന്നാൽ ഓരോരുത്തരുടെയും ശൈലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. എല്ലാ മത്സരങ്ങളിലും എന്റെ ടീം വിജയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”

“ഒരു ഫുട്ബോളർ എന്ന നിലയിൽ പല കാര്യങ്ങളും എനിക്കിഷ്ടമല്ലായിരുന്നു. എന്നാൽ പരിശീലകനെന്ന നിലയിൽ അതിനെ മറികടക്കാനാണു ഞാൻ നോക്കുന്നത്. അർഹതയുണ്ടെങ്കിൽ ഗാർഡിയോള, സിദാൻ എന്നിവരെപ്പോലെ ആകാനാണു ഞാൻ ശ്രമിക്കുന്നത്. സീരി എയിൽ നിന്നും പ്രീമിയർ ലീഗിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും ഇതാണ് ഒരു തുടക്കമെന്ന നിലയിൽ നല്ലതെന്നാണു ഞാൻ കരുതുന്നത്.” പിർലോ പറഞ്ഞു.

എസി മിലാൻ, ഇറ്റലി എന്നിവർക്കൊപ്പം ഐതിഹാസികമായ നേട്ടങ്ങൾ കൊയ്ത പിർലോ 2011 മുതൽ 2015 വരെയാണ് യുവന്റസിനു വേണ്ടി കളിച്ചത്. ഇക്കാലയളവിൽ നാലു സീരി എ കിരീടമുൾപ്പെടെ ഏഴു പ്രധാന കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കി.

You Might Also Like