മെസിയെ സ്വന്തമാക്കാൻ പണമൊഴുക്കാം, ഇന്റർ മിലാനു വമ്പൻ വാഗ്ദാനവുമായി സ്പോൺസറായ പിറെല്ലി

മെസി ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ അർജൻറീനിയൻ താരത്തെ സ്വന്തമാക്കാൻ ഇന്റർ മിലാനു സഹായം നൽകാമെന്ന വാഗ്ദാനം നൽകി ഇറ്റാലിയൻ ക്ലബിന്റെ ഷർട്ട് സ്പോൺസർമാരായ പിറെല്ലി. എന്നാൽ അതു യാഥാർത്ഥ്യമാകണമെങ്കിൽ ക്ലബിന്റെ ഡയറക്ടർമാർ ഇക്കാര്യത്തിൽ മുന്നോട്ടു വളരെയധികം മുന്നോട്ടു പോകേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

നൂറു ദശലക്ഷം യൂറോയുടെ ട്രാൻസ്ഫറിൽ ക്രിസ്ത്യാനോ റൊണാൾഡോ റയലിൽ നിന്നും യുവന്റസിലെത്തിയപ്പോൾ അതിനു വേണ്ട സഹായം കാർ നിർമാതാക്കളായ ഫിയറ്റ് നൽകിയിരുന്നു. സമാനമായ രീതിയിൽ മെസിയെ സ്വന്തമാക്കാൻ ഇന്ററിനെ സഹായിക്കുമോയെന്ന് പിറെല്ലിയുടെ സിഇഒയായ മാർകോ ട്രോചെട്ടിയോടു ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

“കൊറോണ വൈറസിനെ തുടർന്ന് പണം ചിലവഴിക്കുന്ന കാര്യത്തിൽ പരിമിതികളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇന്റർ ഡയറക്ടറാണ് ആദ്യം മുന്നോട്ടു പോകേണ്ടത്. തീർച്ചയായും ഇക്കാര്യത്തിൽ ഞങ്ങൾ സഹായിക്കും. എന്നാൽ അതിൽ കൂടുതൽ ഞങ്ങൾക്കു ചെയ്യാൻ കഴിയുകയില്ല.” അദ്ദേഹം പറഞ്ഞു.

ബാഴ്സയുമായി കരാർ പുതുക്കുന്ന ചർച്ചകൾ നിർത്തി വെച്ചതോടെയാണ് മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകാൻ കാരണം. ഇന്റർ മുൻ പ്രസിഡന്റായ മെറോട്ടി മെസിയെ സ്വന്തമാക്കുക ഒരു സ്വപ്നമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

You Might Also Like