മെസിക്കായി സ്റ്റേഡിയം നവീകരണത്തിനായി മാറ്റിവെച്ച റെക്കോർഡ് തുക, റയൽ മാഡ്രിഡിന്റെ ഇതുവരെ പുറംലോകമറിയാത്ത ആ വമ്പൻ ഓഫർ

Image 3
FeaturedFootballLa Liga

ലയണൽ മെസിയെ റയൽ മാഡ്രിഡിന്റെ വെളുത്ത ജേഴ്‌സിയിൽ ഒന്നു  ആലോചിച്ചു നോക്കൂ. ഇപ്പോഴത്തെ കാര്യമല്ല  2013ൽ അത്തരത്തിലൊരു നീക്കത്തിന് റയൽ മാഡ്രിഡ്‌ പ്രസിഡന്റായ ഫ്ലോരെന്റിനോ പെരെസ് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഇറ്റാലിയൻ ഫുട്ബോൾ ജേർണലിസ്റ്റായ ജിയാൻലൂക്ക ഡി മരിഷിയോ.

ഗ്രാൻ ഹോട്ടൽ കാൽസിയോമെർകാറ്റോ എന്ന അദ്ദേഹമെഴുതിയ പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളത്. സൂപ്പർതാരം ലയണൽ മെസിയെ ബാഴ്സയിൽ നിന്നും സ്വന്തമാക്കാൻ നിരവധി ശ്രമങ്ങൾ നമുക്ക് അറിവുള്ളതാണെങ്കിലും റയൽ മാഡ്രിഡിൽ നിന്നും വന്ന വമ്പൻ ഓഫറിനെക്കുറിച്ചുള്ള വിവരങ്ങൾ ഡി മരിഷിയോയിലൂടെയാണ് പുറം ലോകമറിയുന്നത്.

റയൽ മാഡ്രിഡ്‌ സ്റ്റേഡിയമായ സാന്റിയാഗോ ബെർണബ്യുവിന്റെ നവീകരണത്തിനായി മാറ്റിവെച്ചിരുന്ന 250 മില്യൺ യൂറോയെന്ന റെക്കോർഡ് തുകയാണ് മെസിയെ വിട്ടുകിട്ടാനായി കാറ്റാലൻ അധികൃതർക്ക് പെരെസ് ഓഫർ വെച്ചു നീട്ടിയത്. എന്നാൽ ഈ ഓഫർ ലയണൽ മെസി നിരസിക്കുകയായിരുന്നു. താൻ ഒരിക്കലും റയൽ മാഡ്രിഡിലേക്കു പോവില്ലെന്നും നിങ്ങൾ വിലപ്പെട്ട സമയം പാഴാക്കുകയാണെന്നുമായിരുന്നു മെസിയുടെ പ്രതികരണം.

ഡി മരിഷിയോയുടെ റിപ്പോർട്ടുകൾ പ്രകാരം റെക്കോർഡ് തുക എത്രയാണെന്ന് കേൾക്കാൻ പോലും മെസി നിന്നു കൊടുത്തില്ലെന്നാണ് അറിയാനാവുന്നത്. ഇതിനു മുൻപും ഫ്ലോറെന്റിനോ പെരെസ് ലയണൽ മെസിക്കായി ശ്രമിച്ചിരുന്നു. 23 മില്യൺ യൂറോ ശമ്പളവും 8 വർഷത്തേക്കുള്ള ദീർഘകാലകരാർ മെസിക്ക് മുന്നിൽ സമർപ്പിച്ചിരുന്നുവെന്നും ഫുട്ബോൾ ലീക്സ് റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ ആ ഓഫറും മെസി നിരസിക്കുകയായിരുന്നു.