റയൽ തന്നെ മികച്ച പരിശീലകനാക്കി, ആ സത്യം വെളിപ്പെടുത്തി‌ ഗാർഡിയോള

Image 3
FeaturedFootball

ബാഴ്സലോണയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡാണ് തന്നെ മികച്ച പരിശീലകനാക്കി മാറ്റാന്‍ സഹായിച്ചതെന്നു മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ജര്‍മന്‍ മാധ്യമമായ ഡെസാവുന് നല്‍കിയ അഭിമുഖത്തിലാണ് ഗ്വാര്‍ഡിയോള ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

ബാഴ്സയില്‍ പരിശീലകന്‍ ആയ സമയത്ത് റയല്‍ മാഡ്രിഡുമായുള്ള മത്സരങ്ങളും കിരീടപോരാട്ടങ്ങളും ക്ലബ്ബുകള്‍ തമ്മിലുള്ള വൈരവും വാശിയുമൊക്കെയാണ് തന്നെ മികച്ച കോച്ചാകാന്‍ സഹായിച്ചതെന്നാണ് ഗ്വാര്‍ഡിയോള അഭിപ്രായപ്പെടുന്നത്.

ഓഗസ്റ്റ് ഏഴിന് നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ റയല്‍ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. ആദ്യപാദത്തില്‍ സാന്റിയാഗോ ബെര്‍ണബ്യുവില്‍ വെച്ച് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക് വിജയം നേടാന്‍ പെപ്പിനും സംഘത്തിനും കഴിഞ്ഞിരുന്നു.

‘ഏതൊക്കെ രീതിയില്‍ നോക്കിയാലും റയല്‍ മാഡ്രിഡ് വളരെ ശക്തമായ ഒരു ടീമായിരുന്നു. അവരാണ് എന്നെ ഒരു മികച്ച പരിശീലകനാക്കാന്‍ സഹായിച്ചത്. ജോസ് മൊറീഞ്ഞോ, മാനുവല്‍ പെല്ലഗ്രിനി തുടങ്ങിയ എല്ലാ പരിശീലകര്‍ക്കൊപ്പവും അവര്‍ നല്ല ശക്തരായിരുന്നു.മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ആണ് അവര്‍ തുടര്‍ച്ചയായി നേടിയത്’ ഗാര്‍ജിയോള പറയുന്നു.

‘ഒരു പതിറ്റാണ്ടിനിടയില്‍ രണ്ട് ലീഗ് കിരീടങ്ങള്‍ അവര്‍ ബാഴ്‌സയില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. അവരുടെ കാര്യങ്ങള്‍ നല്ലരീതിയില്‍ പോവുന്നതിലെനിക്ക് സന്തോഷം മാത്രമേയുള്ളൂ. ഫുട്‌ബോളിന് നല്ലത് മാത്രം സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് സിദാന്‍. അദ്ദേഹം ഇത്രയും ഉയര്‍ന്ന നിലയില്‍ എത്തിയതിലും ഞാന്‍ സന്തോഷവാനാണ്’ ഗ്വാര്‍ഡിയോള അഭിപ്രായപ്പെട്ടു.