ഒരു ക്ലബ്ബിനെ സ്നേഹിച്ച നമ്മുടെ കഥകൾ ഫുട്ബോളിൽ അപൂർവം, റെക്കോർഡിന് മെസിക്ക് അഭിനന്ദനവുമായി പെലെ

വലൻസിയക്കെതിരായ മത്സരത്തിൽ ഹെഡറിലൂടെ ഗോൾ നേടാനായതോടെ ബ്രസീലിയൻ ഇതിഹാസ താരം പെലെയുടെ റെക്കോർഡിനോപ്പമെത്താൻ ബാഴ്സ സൂപ്പർതാരം ലയണൽ മെസിക്ക് സാധിച്ചിരിക്കുകയാണ്. ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന പെലെയുടെ സന്റോസിനു വേണ്ടി നേടിയ 643 ഗോളുകളെന്ന റെക്കോർഡിനൊപ്പമാണ് മെസിക്കെത്താൻ സാധിച്ചിരിക്കുന്നത്.

പെനാൽറ്റിയിലൂടെ ഗോൾ നേടാനുള്ള അവസരം ലഭിച്ചുവെങ്കിലും മെസിയുടെ ഷോട്ട് തട്ടിയകറ്റാൻ വലൻസിയ ഗോൾകീപ്പർക്ക് സാധിക്കുകയായിരുന്നു. എന്നാൽ ഈ തട്ടിയകറ്റിയ പന്ത് പിടിച്ചെടുത്തു ജോർദി ആൽബ നൽകിയ ക്രോസ് ലയണൽ മെസി തന്നെ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. പലപ്പോഴും മെസിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും റെക്കോർഡിനോപ്പമെത്തിയതോടെ പെലെ മെസിക്ക് അഭിനന്ദന സന്ദേശം അയക്കുകയായിരുന്നു.

“നിങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞൊഴുകുമ്പോൾ നിങ്ങളുടെ പാത മാറ്റുകയെന്നത് ബുദ്ദിമുട്ടേറിയ കാര്യമാണ്. ദിവസവും ഒരു ജേഴ്‌സി തന്നെ ധരിക്കുന്നതിനോടുള്ള ഇഷ്ടം എന്താണെന്നു നിന്നെ പോലെ തന്നെ എനിക്കും അറിയാവുന്നതാണ്. സ്വന്തം വീടിനെക്കാൾ നല്ല സ്ഥലം വേറെയില്ലെന്നും എനിക്കറിയാം. ഈ അവിശ്വസനീയ റെക്കോർഡിന് മെസിക്ക് എന്റെ അഭിനന്ദനങ്ങൾ.”

“ഇതിനെല്ലാം പുറമെ നിന്റെ ബാഴ്സയിലെ മനോഹരമായ കരിയറിനും എന്റെ അഭിനന്ദനങ്ങൾ. ഒരു ക്ലബ്ബിനെ തന്നെ ഒരുപാട് കാലം സ്നേഹിക്കുന്ന നമ്മുടേത് പോലുള്ള കഥകൾ ഫുട്ബോളിൽ വളരെ അപൂർവമായ ഒന്നാണ്. ഞാൻ നിന്നെ ഒരുപാട് വിസ്മയത്തോടെയാണ് കാണുന്നത്.” പെലെ സന്ദേശത്തിൽ കുറിച്ചു. വരുന്നത് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന റയൽ വയ്യഡോലിഡുമായി നടക്കുന്ന ലാലിഗ മത്സരത്തിൽ ഗോൾ നേടാനായാൽ പെലെയുടെ റെക്കോർഡ് മറികടക്കാൻ ലയണൽ മെസിക്ക് സാധിച്ചേക്കും.

You Might Also Like