മെസി എനിക്കു മികച്ച ഉപദേശങ്ങളാണ് നൽകുന്നത്, അദ്ദേഹത്തിൽ നിന്നും കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നുവെന്നു കൗമാരവിസ്മയം പെഡ്രി

അൻസു ഫാറ്റിക്കൊപ്പം ബാഴ്സക്കായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന കൗമാരതാരമാണ് പെഡ്രി. ലാസ് പാൽമാസിൽ നിന്നും ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ 5 മില്യൺ യൂറോക്കാണ് ബാഴ്സ പെഡ്രിയെ സ്വന്തമാക്കുന്നത്. പതിനേഴു വയസേ പ്രായമുള്ളൂവെങ്കിലും ബാഴ്സയിൽ ഏറെക്കാലമായി മധ്യനിര ഭരിക്കുന്ന ഒരു താരത്തിന്റെ പക്വതയും ഒത്തിണക്കവും പെഡ്രിയിൽ നമുക്ക് ദർശിക്കാനാവും.

സ്പാനിഷ് മാധ്യമമായ ഡയാരിയോ സ്പോർട്ടിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കൂമാന്റെ ബാഴ്സയിലെ തന്റെ വളർച്ചയെ കുറിച്ച് താരം മനസു തുറന്നിരുന്നു. ബാഴ്സ സൂപ്പർതാരമായ ലയണൽ മെസിയിൽ നിന്നും താൻ ഒരുപാട് പഠിക്കുന്നുണ്ടെന്നാണ് പെഡ്രി ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തിന്റെ കളിശൈലിയെ നോക്കി പഠിക്കാറുണ്ടെന്നും പെഡ്രി വെളുപ്പെടുത്തി. മെസി കളിക്കളത്തിൽ തനിക്കു കൂടുതൽ ഉപദേശങ്ങൾ തരാറുണ്ടെന്നും താരം വ്യക്തമാക്കി.

“കളിക്കളത്തിൽ അദ്ദേഹം എന്നെ ഒരുപാട് സഹായിക്കാറുണ്ട്. സമർത്ഥമായ പല ഉപദേശങ്ങളും അദ്ദേഹമെനിക്ക് നൽകാറുണ്ട്. നമ്മൾ അദ്ദേഹത്തെ ആസ്വദിക്കുകയാണ് ചെയ്യേണ്ടത്. അദ്ദേഹത്തിനെ ഭാവികാര്യങ്ങളിൽ ഇടപെടാതെ അതെല്ലാം അദ്ദേഹത്തിനു വിട്ടുകൊടുക്കേണ്ട കാര്യമാണ്. ഇപ്പോൾ അദ്ദേഹത്തിൽ നിന്ന് കൂടുതൽ പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. “

താരം ഏറ്റവും ശക്തി കാണിക്കുന്ന പൊസിഷൻ ഏതാണെന്നുള്ള ചോദ്യത്തിനും പെഡ്രി മറുപടി പറഞ്ഞു : “വ്യത്യസ്തമായ പൊസിഷനുകളിൽ കളിക്കുന്നത് നല്ല കാര്യമാണ്. അത്യാവശ്യഘട്ടങ്ങളിൽ അത് ടീമിനെ സഹായിക്കും. കളിക്കളത്തിൽ ഞാൻ കൂടുതൽ വെല്ലുവിളിയുയർത്തുന്നത് മധ്യനിരയിലാണ്. എങ്കിലും എനിക്ക് മറ്റു പൊസിഷനുകളിലും കളിക്കാനും അതിനു വേണ്ടി പ്രയത്നിക്കാനും കഴിയും. ” പെഡ്രി വ്യക്തമാക്കി.

You Might Also Like