ഓസിലിന്റെ ആഴ്‌സണൽ കരിയറിന് ദാരുണാന്ത്യം, യൂറോപ്പക്കൊപ്പം പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്നും ഓസിൽ പുറത്ത്

Image 3
EPLFeaturedFootball

കൊറോണ മഹാമാരിമൂലമുണ്ടായ ലോക്ഡൗണിനു ശേഷം പ്രീമിയർ ലീഗ് പുനരാരംഭിച്ചതിനു  ശേഷം ആഴ്സണലിനായി ഒരു മത്സരത്തിൽ പോലും ബൂട്ടുകെട്ടാൻ സൂപ്പർതാരമായ മെസ്യൂട് ഓസിലിനു കഴിഞ്ഞിട്ടില്ല. ആഴ്‌സണൽ പരിശീലകനായ മൈക്കൽ അർട്ടേറ്റയുടെ പദ്ധതിയിൽ ഓസിൽ ഉൾപ്പെടാതിരുന്നതാണ് അവസരങ്ങൾ കുറഞ്ഞത്.

കൊറോണ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ആഴ്‌സണൽ സമ്മർ ട്രാൻസ്ഫറിൽ ഓസിലിനെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഓസിൽ അതിനെ എതിർക്കുകയായിരുന്നു. കരാർ തീരുന്നതുവരെ ആഴ്‌സണലിൽ തന്നെ തുടരാൻ ഓസിൽ തീരുമാനിക്കുകയായിരുന്നു. ക്ലബ്ബിൽ ഏറ്റവും കൂടുതൽ വേതനം പറ്റുന്ന താരമായതിനാൽ സമ്മർ ട്രാൻസ്ഫറിൽ താരത്തെ ഒഴിവാക്കിയാൽ ആ ശമ്പളം കുറഞ്ഞു കിട്ടിയാൽ കൊറോണ മൂലമുള്ള പ്രതിസന്ധി ഒഴിവായിക്കിട്ടുമെന്ന് ആഴ്‌സണൽ കണക്കുകൂട്ടുകയായിരുന്നു.

എന്നാൽ ആ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് ആഴ്‌സണലിൽ തന്നെ തുടരുകയായിരുന്നു ഓസിൽ. അടുത്തിടെ സാമ്പത്തിക പ്രതിസന്ധിയിലായ ആഴ്‌സണൽ താരങ്ങളുടെ വേതനം വെട്ടിക്കുറക്കാൻ തീരുമാനമെടുത്തിരുന്നു. ഓസിൽ അതിനു വഴങ്ങാതിരുന്നത് ക്ലബ്ബിനെ ചൊടിപ്പിച്ചിരുന്നു. അതിനു പ്രതികാരമെന്നോണമാണു ആഴ്സണലിനായി ഒരു മത്സരങ്ങളിലും ഓസിലിനെ കളിപ്പിക്കാതിരുന്നത്.

അടുത്തിടെ യൂറോപ്പക്കായുള്ള സ്‌ക്വാഡിൽ നിന്നും ആഴ്‌സണൽ ഓസിലിനെ പുറത്താക്കിയിരുന്നു. എന്നാലിപ്പോൾ പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്നും ഓസിലിനെ പുറത്താക്കിയിരിക്കുകയാണ് ആഴ്‌സണൽ. ഇതോടെ ഓസിലിന്റെ ആഴ്‌സണൽ കരിയറിനും വിരാമമായിരിക്കുകയാണ്. ഈ സീസണവസാനം ഓസിലിന്റെ ആഴ്‌സണലിന്റെ കരാർ അവസാനിക്കും.